
ബാലുശ്ശേരി: നന്മണ്ട കൂളിപ്പൊയിലിലെ ഊഞ്ഞലം കണ്ടി ഭരതന് തന്റെ തെങ്ങിലെ തേങ്ങ വിളവെടുക്കാൻ കയറിയാൽ ഷോക്കടിക്കും. വിചിത്രമായ രീതിയിൽ വൈദ്യുതി ലൈൻ വലിച്ച് വിളവെടുപ്പ് നടത്താൻ കഴിയാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ് കെ.എസ്.ഇ.ബി. കൊറുന്നാറ് വീട്ടിൽ താഴം വയലിലൂടെ ചാലങ്കോട്ട് ഭാഗത്തേക്ക് സ്വകാര്യ വ്യക്തിക്ക് വേണ്ടി കടന്നു പോകുന്ന ലൈനിനിടയിലാണ് ഇപ്പോൾ തെങ്ങ്. ഉടമ ഒരു പരാതി കൊടുത്തതാണ് പുലിവാലായത്.
തന്റെ പറമ്പിലെ തെങ്ങിന്റെ ഒരു ഭാഗത്തു കൂടി രണ്ട് ലൈനും പി.വി.സി. പൈപ്പിന്റെ സുരക്ഷിതത്വത്തോടെയായിരുന്നു വലിച്ചിരുന്നത്. എന്നാൽ പൈപ്പ് നീങ്ങി ലൈൻ തെങ്ങിനു തട്ടുന്നതായി പരാതി നല്കിയിരുന്നു. പിന്നെ കെ.എസ്.ഇ.ബി. ഒന്നും ആലോചിച്ചില്ല. ഒരു ഭാഗത്തു കൂട്ടി കടന്നുപോയ ലൈൻ തെങ്ങിന്റെ രണ്ട് ഭാഗത്തുകൂടെയാക്കി. ഇപ്പോൾ തെങ്ങ് ലൈനുകൾക്ക് നടുവിലായി. പി.വി.സി പൈപ്പും ഇല്ല.