തിരുവമ്പാടി: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്സ് ഉടമകളെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ്ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന തിരുവമ്പാടി -എറണാകുളം- തിരുവമ്പാടി ബസിൽ വെള്ളിയാഴ്ച രാതി കോഴിക്കോട്ട് നിന്ന് തിരുവമ്പാടിയിലേയ്ക്കുള്ള യാത്രയിൽ മാനിപുറത്ത് ഇറങ്ങിയ മാദ്ധ്യമ സ്ഥാപനത്തിലെ ജീവനക്കാരനാണ് പേഴ്സ് നഷ്ടപ്പെട്ടത്. താമരശേരി കെടവൂർ സ്വദേശിയായ കണ്ടക്ടർ ബി.നിശാന്തിന് ബസിൽ നിന്ന് പേഴ്സ് കിട്ടുകയും തിരുവമ്പാടിയിൽ എത്തിയ ശേഷം പേഴ്സിൽ നിന്നു ലഭിച്ച ഫോൺ നമ്പറിൽ വിളിച്ച് ബന്ധപ്പെടുകയുമായിരുന്നു. ആധാർ കാർഡ്‌, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, കെ.എസ്.ആർ.ടി.സി പ്രസ് പാസ് തുടങ്ങിയ രേഖകളും പണവുമടങ്ങിയ പേഴ്സ് തിരുവമ്പാടി സ്റ്റേഷൻ മാനേജരെ ഏൽപ്പിക്കുകയും ചെയ്തു. ഇതേ ബസ് എറണാകുളത്തേക്ക് പോകുമ്പോൾ തൃശൂർ കൊരട്ടിയിൽ നിന്ന് കയറിയ കൊടുങ്ങല്ലൂർ പൊലിസ് സ്റ്റേഷനിലെ സി.പി.ഒയുടെ പേഴ്സും ഇതുപോലെ കിട്ടുകയും ഇവരെ വിളിച്ചതിനെ തുടർന്ന് എറണാകുളത്തു നിന്നുള്ള മടക്കയാത്രയിൽ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പൊലിസ് എയിഡ് പോസ്റ്റിൽ ഏൽപിക്കുകയും ചെയ്തു.