കോഴിക്കോട്: കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റികളുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷണൽ ലോക് അദാലത്തിൽ 4452 കേസുകൾ തീർപ്പു കൽപ്പിച്ചു. ജില്ലയിൽ കോടതികളിൽ നിലവിലുള്ള കേസുകളും പുതിയ പരാതികളുമായി 6200 ഓളം കേസുകളാണ് പരിഗണനയ്ക്കായുണ്ടായിരുന്നത്.

1290 പ്രി ലിറ്റിഗേഷൻ പെറ്റിഷൻ (പി.എൽ.പി) കേസുകൾ, 4901 പെൻഡിംഗ് കേസുകൾ എന്നിവയിൽ ബന്ധപ്പെട്ട അഭിഭാഷകരും കക്ഷികളും ഉദ്യോഗസ്ഥരും ഹാജരായ 4452 കേസുകളാണ് തീർപ്പാക്കിയത്.

95,11,60,002 രൂപ വിവിധ കേസുകളിൽ നൽകുന്നതിനായി ഉത്തരവായി. കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, കുന്ദമംഗലം, താമരശ്ശേരി കോടതികളിലുമായാണ് അദാലത്തുകൾ നടന്നത്. സിവിൽ, വാഹനാപകടം, ഭൂമി ഏറ്റെടുക്കൽ, കുടുംബ തർക്കങ്ങൾ, ബാങ്ക് വായ്പാ തുടങ്ങിയ കേസുകളാണ് പരിഗണിച്ചത്. ജില്ലാ ജഡ്ജ് പി.രാഗിണിയുടെ മേൽ നോട്ടത്തിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജുമായ അനിൽകുമാർ, എസ് സൂരജ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എം.പി ഷൈജൽ എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾ എകോപിപ്പിച്ചു.

.