1
തൂണുകൾ പോലുമാവാതെ... ചേടിയാലക്കടവ് പാലം ഇടയ്ക്കുവെച്ച് മുടങ്ങിയ നിലയിൽ

ഉമ്മത്തൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ രണ്ടു വർഷം മുമ്പ് പണി ആരംഭിച്ചതാണ്. പക്ഷേ, ഇനിയും ചേടിയാലക്കടവ് പാലം കര തൊട്ടില്ല. രണ്ടു തൂണുകൾ പാതി പരുവത്തിലാക്കി കരാറുകാരൻ ബൈ പറഞ്ഞതോടെ അനിശ്ചിതത്വത്തിലേക്ക് വീഴുകയായിരുന്നു പാലം നിർമ്മാണം.

തൂണേരി പഞ്ചായത്തിലെ മുടവന്തേരിയേെയും ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിനെയും ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പാലം. പൈലിംഗുമായി ബന്ധപ്പെട്ട് തടസ്സം നേരിട്ടതോടെ പൊതുമരാമത്ത് വകുപ്പുകാർ പ്ലാനിന്റെ രൂപരേഖയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ, പുതിയ രീതിയിൽ പാലം നിർമ്മിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കരാറുകാരൻ. ഭൂമി ഏറ്റെടുത്ത് നൽകാൻ റവന്യൂ വകുപ്പ് കാലതാമസം വരുത്തുന്നതും പാലം പണി നീളാൻ കാരണമാവുകയായിരുന്നു.

നാട്ടുകാരുടെ നിരന്തര മുറവിളിയ്ക്ക് ശേഷമാണ് ആറു വർഷം മുമ്പ് ചേടിയാലക്കടവ് പാലത്തിന് സർക്കാരിന്റെ അനുമതിയായത്. 2015-ൽ പാലത്തിനായി 9 കോടി രൂപ അനുവദിച്ചു. ഇതിൽ 2. 49 കോടി രൂപ അപ്രോച്ച് റോഡിന് സ്ഥലമെടുപ്പിനായി നീക്കി വെക്കുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പ് 2013-ൽ പദ്ധതിയുടെ പൂർണ റിപ്പോർട്ട് തയ്യാറാക്കി യു.ഡി.എഫ് സർക്കാരിന് സമർപ്പിച്ചിരുന്നതാണ്. എന്നാൽ, ഭരണാനുമതി കിട്ടുന്നത് 2015-ൽ. ഇതിനിടയ്ക്ക് 3 തവണ എസ്റ്റിമേറ്റ് ധന വകുപ്പിൽ പുതുക്കി സമർപ്പിച്ചിരുന്നു. 2016-ൽ എൽ.ഡി.എഫ് സർക്കാരാണ് തുടർനടപടികൾ വേഗത്തിലാക്കിയത്. 2019 മാർച്ചിൽ അന്നു മന്ത്രിയായിരുന്ന ടി.പി.രാമകൃഷ്ണൻ പ്രവൃത്തി ഉദ്ഘാടനംചെയ്തു. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ഇപ്പോഴും പാതി വഴിയിൽ പോലും എത്തിയില്ല.

പാലം പണി പുന:രാരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം:

എസ്.എൻ.ഡി.പി യോഗം ഉമ്മത്തൂർ ശാഖ

ഉമ്മത്തൂർ: ചേടിയാലക്കടവ് പാലം പണി എത്രയും പെട്ടെന്ന് പുന:രാരംഭിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ഉമ്മത്തൂർ ശാഖ ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ശാഖ മുന്നറിയിപ്പ് നൽകി.

പാലം നിർമ്മാണത്തിന് അനുമതി ലഭിച്ച ഉടൻ തന്നെ നഷ്ടപരിഹാരത്തിന് കാത്തുനിൽക്കാതെ ലക്ഷങ്ങൾ വില മതിപ്പുള്ള കൃഷിഭൂമിയടക്കം പ്രദേശവാസികൾ നേരത്തെ തന്നെ വിട്ടുനൽകിയതാണ്. പ്രവൃത്തി അനന്തമായി നീട്ടിക്കൊണ്ടുപോവുന്നത് ന്യായീകരിക്കാനാവില്ലെന്ന് ശാഖ സെക്രട്ടറി പി.എം.മോഹൻ, വൈസ് പ്രസിഡന്റ് ടി.സുകേഷ് എന്നിവർ പറഞ്ഞു.