 
കോഴിക്കോട്: എഴുത്തിലും ജീവിതത്തിലും മൗലികതയെന്ന പോലെ മതനിരപേക്ഷതയും മുറുകെപ്പിടിച്ച സാഹിത്യകാരനായിരുന്നു യു.എ.ഖാദറെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. വർഗീയവത്കരണ ഭീഷണി നേരിടുന്ന സമൂഹത്തിനെ നേർവഴിക്ക് നടത്താൻ കെല്പുള്ള രചനകളാണ് ഖാദറിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സാഹിത്യ അക്കഡമിയും യു.എ ഖാദർ അനുസ്മരണ സമിതിയും സംയുക്തമായി ഒരുക്കിയ 'ഖാദർ പെരുമ" ദ്വിദിന അനുസ്മരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്ദിയെന്ന വികാരം കൈമോശം വരാത്ത സാഹിത്യകാരനായിരുന്നു യു.എ.ഖാദറെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ടി.പത്മനാഭൻ പറഞ്ഞു. ഖാദറിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ നന്ദിയും ഇത്തിരി പോയത്തവുമുള്ള ഒരാൾ. അതുകൊണ്ടാണ് സാഹിത്യരംഗത്ത് വളരാൻ അവസരം നൽകിയ താനടക്കമുള്ളവരുടെ പേര് എല്ലായിടത്തും പറയാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
. അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ്ചന്ദ്രൻ, ടി.ടി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
യു.എ.ഖാദറിന്റെ 'ഗന്ധമാപിനി", 'ഇരുൾപാരിതോഷികം" എന്നീ പുസ്തകങ്ങൾ പി.കെ.പാറക്കടവ് ഐസക് ഈപ്പന് നൽകി പ്രകാശനം ചെയ്തു. 'ജന്മബന്ധത്തിന്റെ ചങ്ങലകൾ" എന്ന വിഷയത്തിലുള്ള സെമിനാറിൽ കെ.ഇ.എൻ, എൻ.പി.ഹാസിഫ് മുഹമ്മദ്, ഐസക് ഈപ്പൻ, ടി.വി.സുനീത, എം.സി.അബ്ദുൾനാസർ, മൊയ്തു കണ്ണങ്കോട് എന്നിവർ സംസാരിച്ചു.
‘ദേശം, ദേശീയ, പ്രാദേശികത’ സെമിനാറിൽ ഭാസി മലാപ്പറമ്പ്, രാജേന്ദ്രൻ എടത്തുംകര, സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, ഡോ.കെ.എം.ഭരതൻ, ഡോ.കെ.എം.അനിൽ, ഷാഹിന റഫീഖ്, വിൽസൺ സാമുവൽ എന്നിവരും സംസാരിച്ചു.