 
കോഴിക്കോട്: കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലാതെ, വീടില്ലാതെ, തൊഴിലില്ലാതെ കഷ്ടപ്പെടുമ്പോൾ ആർക്കുവേണ്ടിയാണ് അതിവേഗ റെയിൽപാതയെന്ന് കെ.കെ.രമ എം.എൽ.എ. 
സാധാരണക്കാരുടെ വീടും തൊഴിലിടവും സമ്പാദ്യവുമെല്ലാം നഷ്ടപ്പെടുത്തി എന്ത് വികസനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രമ പറഞ്ഞു. കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ സർവോദയ മണ്ഡലം കമ്മിറ്റി മാനാഞ്ചിറയിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജനങ്ങൾക്ക് വേണ്ടാത്ത വികസനം ഭരണകൂടം അടിച്ചേൽപ്പിക്കുമ്പോൾ അതിനെതിരായ സമരത്തിൽ മുന്നിലുണ്ടാകുമെന്നും കെ.കെ.രമ പറഞ്ഞു.
കെ.റെയിൽ അസത്യങ്ങളുടെ അതിവേഗ പാതയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ പറഞ്ഞു. 
അതിവേഗ റെയിൽപാത വികസന പദ്ധതിയല്ല, കേരളത്തിലെ വികസനങ്ങളുടെ അവസാന പദ്ധതിയാണ്.  ആളുകളെ കബളിപ്പിക്കാതെ സത്യം വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും സി.ആർ.നീലകണ്ഠൻ ആവശ്യപ്പെട്ടു. ഇയ്യച്ചേരി പത്മിനി, പി.ശിവാനന്ദൻ, ജോസ് മാത്യു, ടി.ബാലകൃഷ്ണൻ, ടി.ഇസ്മായിൽ, യു.രാമചന്ദ്രൻ, കെ.പി.മനോജ് കുമാർ, എച്ച്.സുധീർ തുടങ്ങിയവർ സംസാരിച്ചു.