കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ഇശ്രം കാർഡ് സമ്പൂർണ്ണ രജിസ്‌ട്രേഷൻ പൂർത്തീകരിച്ച നേട്ടവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്.

അസംഘടിത തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ഇശ്രം കാർഡ് സമ്പൂർണ്ണ രജിസ്‌ട്രേഷൻ സംസ്ഥാനത്ത് ആദ്യമായി ചക്കിട്ടപ്പാറ പഞ്ചായത്ത് പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം തൊഴിൽ മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ഇശ്രം പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്തുന്നതിന് തൊഴിൽ വകുപ്പ്, ക്ഷേമനിധി ബോർഡ്, ട്രേഡ് യൂണിയനുകൾ എന്നിവയുടെ സഹായത്തോടെ സംസ്ഥാനത്ത് ഊർജിതമായി ക്യാമ്പുകൾ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. നാട്ടിലെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും അംഗീകൃത രജിസ്‌ട്രേഷൻ കാർഡ് നൽകുന്നതിനാണ് ഇശ്രം പദ്ധതി ആവിഷ്‌കരിച്ചത്. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഇതിന് നേതൃത്വം നൽകിയ ഭരണസമിതി, വകുപ്പ് ഉദ്യോഗസ്ഥർ,ട്രേഡ് യൂണിയൻ പ്രവർത്തകർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. ഇശ്രം കാർഡ് രജിസ്‌ട്രേഷൻ 4011 പേർക്ക് നൽകിയാണ് നേട്ടം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്. സംസ്ഥാനത്ത് ഇതുവരെ 12 ലക്ഷത്തോളം തൊഴിലാളികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരും പദ്ധതിയിൽ നിന്നും വിട്ടുപോകരുതെന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെന്റർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കായും തൊഴിൽ വകുപ്പ് രജിസ്‌ട്രേഷൻ ക്യാമ്പുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ ടി.പി.രാമകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം.ശ്രീജിത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.ശശി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു വത്സൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ ശശി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.