മന്ത്രി കെ.രാധാകൃഷ്ണൻ

വള്ളിയൂർക്കാവിൽ

മാനന്തവാടി: ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യം കാലാനുസൃതമായി മെച്ചപ്പെടുത്തി വിശ്വാസികൾക്ക് സൗകര്യമൊരുക്കുമെന്ന് സംസ്ഥാന ദേവസ്വം, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്തർക്ക് എല്ലാ ഭൗതിക സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് ക്ഷേത്രങ്ങൾക്ക് സർക്കാറിന്റെ ഭാഗത്ത് നിന്ന് സഹായങ്ങളുണ്ടാകും. കൊവിഡ് കാലത്ത് പ്രയാസമനുഭവിച്ച ക്ഷേത്ര ജീവനക്കാർക്ക് ഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും നൽകി. മലബാർ ദേവസ്വം ബോർഡ് 55 കോടി രൂപ ഇതിനായി അനുവദിച്ചു. ഈ കാലത്ത് 225 കോടി രൂപ മൊത്തത്തിൽ ദേവസ്വം ബോർഡ് നൽകിയെന്നും മന്ത്രി പറഞ്ഞു.

ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വള്ളിയൂർക്കാവ് ചരിത്രവും ഐതീഹ്യവും എന്ന പുസ്തകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ദേവസ്വം മന്ത്രിക്ക് നൽകി. ക്ഷേത്രം ട്രസ്റ്റി ഫിറ്റ് പേഴ്സൺ ഇ.പി.മോഹൻദാസ്, ട്രസ്റ്റി ഏച്ചോം ഗോപി, പരമ്പര്യേതര ട്രസ്റ്റി ടി.കെ.അനിൽകുമാർ, നഗരസഭാ കൗൺസിലർമാരായ കെ.സി.സുനിൽകുമാർ,വിപിൻ വേണുഗോപാൽ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.വി.ഗിരീഷ് കുമാർ, പി.വി.സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.