health

വടകര: ഒഞ്ചിയത്ത് ആയുർവേദ ഡിസ്പെൻസറി മാറ്റി ആശുപത്രിയാക്കാൻ കെട്ടിടം പണിഞ്ഞിട്ടും ഡിസ്പൻസറി പിന്നെയും ഡിസ്പൻസറി തന്നെ. പതിനഞ്ചാം വാർഡിൽ കണ്ണൂക്കര റെയിൽവെ ഗേറ്റിനു സമീപം പതിനാറ് സെന്റ് ഭൂമിയിൽ സൗകര്യപ്രദമായ കെട്ടിടത്തിൽ ക്ലിനിക്കായി തന്നെ തുടരുകയാണ് ഇന്നും. എ.കെ പ്രേമജം എം.പിയായിരുന്നപ്പോഴായിരുന്നു 8 ലക്ഷം രൂപ എം.പി ഫണ്ട് ഉപയോഗിച്ച് ആശുപത്രി കെട്ടിടം നിർമ്മിച്ചത്. 5 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും വീതം കിടത്തി ചികിത്സ സാധ്യമാക്കാനുള്ള വിധത്തിൽ 2001ൽ തറക്കല്ലിട്ട് സമയബന്ധിതമായി 7 മുറികളോട് കൂടി സൗകര്യപ്രദമായ കെട്ടിടം പണിതു.

എന്നാൽ 2006 ൽ ഇവിടെ ഇരുപത് ബെഡ് ആശുപത്രിയായി അനുവദിച്ചാൽ മതിയെന്ന സർക്കാർ തീരുമാനം വന്നതോടെ ഒഞ്ചിയത്ത് ആയുർവേദ ആശുപത്രി ഡിസ്പെൻസറിയിൽ തന്നെ ഒതുങ്ങി. 20 ബെഡ് സൗകര്യവും വന്നില്ല പത്ത് ബെഡ് സൗകര്യമുള്ള ആശുപത്രിയായൊട്ട് ഉയർത്തിയുമില്ല. മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, അസിസ്റ്റന്റ്, പാർട്ട് ടൈം സ്വീപ്പർ എന്നിവരാണ് ഇവിടെ സേവനത്തിനായുള്ളത്. ദിവസവും എഴുപതോളം പേർ ചികിത്സക്കായി ദിവസേന ഇവിടെ എത്തുന്നു. ആവശ്യത്തിന് മരുന്നുകളും ലഭ്യമാണ്.

മരുന്നുകൾക്ക് സർക്കാർ അനുവദിക്കുന്ന 5 ലക്ഷം രൂപ കൂടാതെ പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് ഫണ്ടായി 3 ഗഡുക്കളായി 66000 രൂപയും അനുവദിക്കുന്നുണ്ട്. എന്നാൽ മറ്റ് ഭൗതിക സൗകര്യങ്ങൾ ഒരുക്കാനായി പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് ലഭിക്കുകയാണെങ്കിൽ വിശാലമായ കെട്ടിടത്തിന് മുകളിൽ ഹാൾ പണിത് യോഗ തുടങ്ങിയവ ആളുകളിൽ എത്തിക്കാൻ കഴിയുമായിരുന്നു എന്ന് ഇവിടെ നാലര വർഷമായി സേവനം നടത്തുന്ന ഡോ.ശ്യാം സുന്ദർ പറഞ്ഞു. പ്രായമായവർക്കും സ്ത്രീ പുരുഷന്മാർ തുടങ്ങി കുട്ടികൾക്ക് വരെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന യോഗ അംഗീകൃത പരിശീലകരെ നിയോഗിച്ച് സാധ്യമാക്കാനാവും.

ഒഞ്ചിയത്ത് ആയുർവേദ ഡിസ്പെൻസറിയാണെങ്കിലും കൊവിഡ് കാലത്ത് സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. കൊവിഡ് രോഗികൾക്കുള്ള ഭേഷജം 254 പേർക്കും, രോഗം മാറിയവർക്കായി നല്കുന്ന പുനർജനി 590 പേർക്കും പ്രതിരോധ പദ്ധതിയിൽ 2099 പേർക്കും മരുന്നുകൾ ഡിസംബർ 6 വരെ നല്കി. ഇതിനിടയിൽ ആശുപത്രിയുടെ സ്ഥലം മറ്റു ചിലരുടെ അധീനതയിലാക്കാൻ ശ്രമം നടക്കുന്നതായും നാട്ടുകാരിൽ ചിലർ പറയുന്നു. കൂടാതെ മാണിക്കോത്ത് ക്ഷേത്രഭൂമിയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ ഒഞ്ചിയം റെയിൽവേ ഗേറ്റ് ഭാഗത്ത് കൂടിയുള്ള വഴിക്കും തടസം സൃഷ്ടിക്കുകയാണ്.

 കെട്ടിടത്തിന് മുകളിൽ ഹാൾ പണിതാൽ യോഗ പോലുള്ള സേവനം നൽകി നല്ല രീതിയിൽ ഉപയോഗപ്പെടുത്താം ഡോ.ശ്യാം സുന്ദർ

 ആയുർവേദ ആശുപത്രിക്ക് മുകളിൽ ഷെഡ് പണിത് യോഗ ആരംഭിക്കുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്. അടുത്ത യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും പി ശ്രീജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ഒഞ്ചിയം