തൊണ്ടർനാട്: ഒന്നും രണ്ടുമല്ല 188 ഇനം വാഴകളാണ് നിഷാന്തിന്റെ തോട്ടത്തിൽ. മാനന്തവാടി പെരുവകയിലെ കൃഷ്ണ നിവാസിൽ എം.കെ.നിശാന്തിന് വീടിനോട് ചേർന്നുള്ള 25 സെന്റിലും തൊണ്ടർനാട് പഞ്ചായത്തിലെ കോറോത്ത് വയലിലും കരയിലുമടക്കം സ്വന്തമായുള്ള നാലേക്കറിലാണ് കൃഷി.
വിൽപ്പനയ്ക്കായി നേന്ത്ര, പൂവൻ, ഞാലിപ്പൂവൻ ഇനങ്ങൾ കൃഷി ചെയ്യുന്ന നിശാന്ത് ലാഭേച്ഛ ഇല്ലാതെയാണ് മറ്റ് വാഴ ഇനങ്ങൾ കൃഷി ചെയ്യുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്‌നേഹിതർ മുഖേനയും സമൂഹമാധ്യമ സൗകര്യം പ്രയോജനപ്പെടുത്തിയും ശേഖരിച്ചതാണ് വാഴയിനങ്ങളിൽ അധികവും. ഏറ്റവും അവസാനമായി ആന്ധ്രപ്രദേശിൽ നിന്നാണ് വാഴശേഖരത്തിലെ ബുധികബോന്ത, കസൂരിബോന്ത, ചിന്ന കർപ്പൂരം, ചക്കരക്കെട്ടി ഇനങ്ങൾ എത്തിച്ചത്.
കൃഷിചെയ്യുന്ന വാഴ ഇനങ്ങളുടെ എണ്ണം അടുത്ത വർഷത്തോടെ ഇരുനൂറായി ഉയർത്താനുള്ള പ്രയത്നത്തിലാണ് നിശാന്ത്. മാന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസിലെ സീനിയർ ക്ലർക്കാണ് 47 കാരനായ നിശാന്ത്. ഭാര്യ രതികലയും മകൻ സുജ്യോതും അടങ്ങുന്നതാണ് കുടുംബം. കൃഷിയിൽ നിശാന്തിന് ഭാര്യയും മകനും പിന്തുണ നൽകുന്നുണ്ട്. ചെറുപ്പത്തിൽ ബന്ധുവീടുകളിൽപോയി തുടങ്ങിയപ്പോൾ അവിടുന്ന് ലഭിച്ചതാണ് വാഴക്കന്ന് ശേഖരത്തിലെ കമ്പം.
വെട്ടൻ, മലയൻ, ഏത്തൻ, കൃഷ്ണവാഴ, മനോരജ്ഞിതം എന്നിവ വാഴതോപ്പിലെ അപൂർവ്വ ഇനങ്ങളാണ്. കദളി, ചെങ്കദളി, കരിങ്കദളി, ചെങ്ങാലിക്കൊടവൻ, സ്വർണമുഖി, മഞ്ചാരികുള്ളൻ, അടുക്കൻ, കുന്നൻ, പേയൻ, മട്ടി, എൻഗാംബി, ബുലുവാഴ തുടങ്ങിയവ നിശാന്തിന്റെ കൃഷിയിടത്തെ മനോഹരമാക്കുന്നു. വാഴകന്നുകൾ വിൽക്കാറില്ലെങ്കിലും മറ്റ് കർഷകരുമായി കന്നുകളുടെ കൈമാറ്റം നടത്താറുണ്ട്.
ഫോട്ടോ--നിശാന്ത്