 
കോഴിക്കോട്: ആരോഗ്യ മന്ത്രിയുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാർ നടത്തിവരുന്ന സമരം ശക്തമാക്കാൻ തീരുമാനം. അതെസമയം മന്ത്രിയുമായി നടന്നത് സൗഹൃദ സംഭാഷണം മാത്രമാണെന്നും ഉടൻ തന്നെ ഔദ്യോഗിക ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും മെഡിക്കൽ പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പി.ജി ഡോക്ടർമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ചർച്ച നടക്കും വരെ സമരം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. അതിനിടെ ജോലി ഭാരം കുറയ്ക്കണമെന്നും നേരത്തെ ഉണ്ടായിരുന്ന നാല് ശതമാനം സ്റ്റൈപ്പന്റ് വർദ്ധന പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഹൗസ് സർജൻമാർ നടത്തിയ 24 മണിക്കൂർ സൂചനാ പണിമുടക്ക് ഇന്നലെ രാവിലെ അവസാനിപ്പിച്ചു.
പി.ജി ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് സമരം 14 ദിവസം പിന്നിട്ടതോടെ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലായി. ഒ.പിയും അത്യാഹിത വിഭാഗങ്ങളും ബഹിഷ്കരിച്ചുകൊണ്ടുള്ള സമരത്തിൽ രോഗികൾ വലഞ്ഞു. അതേസമയം രോഗികൾ കൂടുതലുള്ള വിഭാഗങ്ങളിൽ ഒ.പി സമയം നീട്ടിയത് രോഗികൾക്ക് നേരിയ ആശ്വാസമായി.