സുൽത്താൻ ബത്തേരി: അരുണമലയിലും പരിസരത്തും യാതൊരുവിധ ടൂറിസം പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും ഇക്കോ ടൂറിസം നടത്താനുള്ള ശ്രമത്തിൽ നിന്ന് വനം വകുപ്പ് പിൻമാറണമെന്നും അരുണമല കാട്ടുനായ്ക്ക ഗ്രാമത്തിലെ കുടുംബങ്ങളുടെ യോഗം ആവശ്യപ്പെട്ടു. കോളനിക്ക് സമീപം നടന്നുവരുന്ന ഹോം സ്റ്റേകളും റിസോർട്ടുകളും ഉടൻ അടച്ചുപൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇതിനായി രൂപീകരിച്ച കമ്മറ്റി ഭാരവാഹികളും വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകരും സൗത്ത് വയനാട് ഡി.എഫ്.ഒ, ജില്ലാ കലക്ടർ എന്നിവരെ കണ്ട് ഇക്കാര്യം അറിയിച്ചു.
പുൽമേടുകളും നിത്യഹരിത വനങ്ങളും ചേർന്ന അപൂർവ്വമായ ആവാസ വ്യവസ്ഥയാണ് അരുണമല പ്രദേശം. വനത്തിൽ നിന്ന് തേനും കാട്ടുകിഴങ്ങും ഭക്ഷിച്ചും വനവിഭവങ്ങൾ ശേഖരിച്ചും ജീവിച്ചിരുന്ന 60 കുടുംബങ്ങൾ ഒരേക്കർ മുതൽ ആറേക്കർ വരെയുള്ള ഭൂമിയിൽ ഏലവും കുരുമുളകും കൃഷി ചെയ്താണ് ഇപ്പോൾ കഴിയുന്നത്.

എന്നാൽ ടൂറിസം പിടിമുറുക്കിയതോടെ 5 വർഷമായി ഇവരുടെ ജീവിതം പ്രയാസത്തിലായിരിക്കുകയാണ്. റിസോർട്ടുകളിൽ എത്തുന്ന സന്ദർശകർ ചുറ്റുമുള്ള പുൽമേടുകളിലും ഗ്രാമത്തിലും രാപ്പകൽ ഭേദമില്ലാതെ ബഹളം വെച്ച് കയറിയിറങ്ങി ശല്യം ചെയ്യുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു. സന്ദർശകർ യാതൊരു നിയന്ത്രണവും ഇല്ലാതെ അഴിഞ്ഞാടുകയാണ്. വനത്തിനുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ വനം വകുപ്പ് തടയുന്നില്ല.
ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർക്കും പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല.
അരണമല കമ്യൂണിറ്റി മുറ്റത്ത് ചേർന്ന യോഗത്തിൽ ബി. അഖിൻ പ്രസിഡന്റും എ.എം.മുരളി സെക്രട്ടറിയുമായി കമ്മറ്റിയുണ്ടാക്കി. കെ.മണി അദ്ധ്യക്ഷനായി. പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് എൻ.ബാദുഷ, തോമസ് അമ്പലവയൽ, എ.വി.മനോജ്, അരുൾ ബാദുഷ, റോണി പൗലോസ്, മധു അരുണമല എന്നിവർ പ്രസംഗിച്ചു.