കൽപ്പറ്റ: ജില്ലയിലെ ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനുളള നടപടികൾ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടിക വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റ അമൃദിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ 3595 പേർക്കാണ് ഇനി ഭൂമി ലഭിക്കാനുള്ളത്. ആദിവാസി കുടുംബങ്ങൾക്ക് നൽകുന്ന ഭൂമി വാസയോഗ്യമായിരിക്കണമെന്ന് നിർബന്ധമുണ്ട്. ഇത്തരം ഭൂമി കണ്ടെത്തി വിതരണം ചെയ്യാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലാന്റ് ബാങ്ക് പദ്ധതി, വനാവകാശ നിയമ പ്രകാരമുളള ഭൂമി നൽകൽ, നിഷിപ്ത വന ഭൂമി വിതരണം എന്നീ പദ്ധതികളിലൂടെ ആദിവാസി ജനവിഭാഗങ്ങൾക്ക് ഭൂമി നൽകുന്നതിനുളള നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി പ്രത്യേകം ആക്‌ഷൻ പ്ലാൻ തയ്യാറാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സാങ്കേതിക കാരണങ്ങളാൽ വനാവകാശ നിയമ പ്രകാരമുളള ഭൂമിക്ക് കൈവശരേഖ നൽകുന്നതിനും നിഷിപ്ത വന ഭൂമി വിതരണം ചെയ്യുന്നതിനും കാലതാമസം ഉണ്ടായിട്ടുണ്ട്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുളള സർവ്വെ ഉദ്യോഗസ്ഥരുടെ കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഈ വിഷയങ്ങളിലെല്ലാം അടിയന്തര പരിഹാരം കാണാൻ മന്ത്രിതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

വാസയോഗ്യമായ വീടില്ലാത്തവർക്ക് ലൈഫ്മിഷൻ പദ്ധതിയിലൂടെ വീട് നൽകും. ജില്ലയിൽ ഏകദേശം 4610 വീടുകളാണ് ചോർച്ചയുളളതായി കണ്ടെത്തിയത്. ഈ വീടുകൾ വാസയോഗ്യമാക്കുന്നതിനുളള പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.സി വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ 477 പേർക്കും ഭവനരഹിതരായ 1059 പേർക്കും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി ഭൂമിയും വീടും അനുവദിക്കുന്നതിനായുള്ള വിവര ശേഖരണം നടത്തി വരുന്നതായി പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. വകുപ്പിന്റെ വിവിധ പദ്ധതികൾ മുഖേന ധനസഹായം ലഭിച്ച് ഭവന നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാത്ത 125 കൂടുംബങ്ങൾക്ക് ഭവന പൂർത്തീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് നൽകിയിട്ടുണ്ട്. ഈ വർഷം അനുവദിച്ച 100 വീടുകളിലെ പഠനമുറി ഉൾപ്പെടെ ആകെ 556 പഠനമുറികളാണ് ഇതുവരെ നൽകിയിട്ടുള്ളത്. ജില്ലയിൽ 215 കുടുംബങ്ങളിലായി 1084 ദുർബല പട്ടികജാതി വിഭാഗക്കാരാണുള്ളത്. ഇവരുടെ പുനരധിവാസത്തിനായി 1 കോടി 75 ലക്ഷം രൂപ ഈ വർഷം വകയിരുത്തിയിതായി പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.


കുട്ടികളുടെ തുടർ പഠനം ഉറപ്പാക്കും

പത്താം തരം പാസായ വിദ്യാർത്ഥികളിൽ തുടർപഠനത്തിന് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികളുടെ കൃത്യമായ എണ്ണം അടിയന്തരമായി നൽകണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പട്ടികജാതി, പട്ടിക വർഗം എന്നിങ്ങനെ തരംതിരിച്ചുളള കണക്കാണ് സമർപ്പിക്കേണ്ടത്. ജില്ലയുടെ പ്രത്യേക സാഹചര്യത്തിൽ ഗോത്ര വിദ്യാർത്ഥികൾക്ക് മാത്രമായി അധിക സീറ്റുകൾ ലഭ്യമാക്കുന്നതിനുളള സാധ്യതയും പരിശോധിക്കും. ജില്ലയിൽ പ്രൊഫഷണൽ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയതും, ഈ വർഷം പ്രവേശനം ലഭിച്ചതുമായ എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ വിവര ശേഖരണം നടത്തുകയും അവർക്ക് ജോലി ലഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും.