വൈത്തിരി: സി.പി.എം വയനാട് ജില്ലാ സമ്മേളനം വൈത്തിരിയിൽ തുടങ്ങി. എം.വേലായുധൻ നഗറിൽ (വൈഎംസിഎ ഹാൾ) നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയേറ്റംഗം പി.വി.സഹദേവൻ താൽക്കാലികാദ്ധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ കെ.റഫീഖ് സ്വാഗതം പറഞ്ഞു. മുതിർന്ന നേതാവ് വി.പി.ശങ്കരൻനമ്പ്യാർ പതാക ഉയർത്തി. ജില്ല സെക്രട്ടറി പി.ഗഗാറിൻ രക്തസാക്ഷി പ്രമേയവും ജില്ല സെക്രട്ടറിയേറ്റംഗം വി.വി.ബേബി അനുശോചനപ്രമേയവും അവതരിപ്പിച്ചു.

പി.വി.സഹദേവൻ കൺവീനറും ബീന വിജയൻ, ഒ.ആർ.കേളു, കെ.എം.ഫ്രാൻസിസ് എന്നിവർ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 125 പ്രതിനിധികളും 26 ജില്ല കമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ, പി.കെ.ശ്രീമതി, എ.വിജയരാഘവൻ, കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി.രാമകൃഷ്ണൻ എന്നിവരും പങ്കെടുക്കുന്നു.
കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന കെ.സി.റോസക്കുട്ടി, പി.വി.ബാലചന്ദ്രൻ, എം.എസ്.വിശ്വനാഥൻ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
ജില്ല സെക്രട്ടറി പി.ഗഗാറിൻ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിൽ ഗ്രൂപ്പ് ചർച്ച തുടങ്ങി. ഇന്ന് പൊതുചർച്ച നടക്കും. വ്യാഴാഴ്ച പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.