കൽപ്പറ്റ: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡി.എം സെൽ അഡ്വൈസർ ഡോ.പി.രവീന്ദ്രൻ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് വി.കുൽക്കർണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്. കലക്ടറേറ്റ് മിനികോൺഫ്രൻസ് ഹാളിൽ ജില്ലാ കളക്ടർ എ.ഗീത, എ.ഡി.എം എൻ.ഐ.ഷാജു, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.സക്കീന, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
ജില്ലയിലെ ആക്ടീവ് കേസുകൾ, മരണം, ടെസ്റ്റിങ്, സമ്പർക്ക പരിശോധനാരീതി, കണ്ടെയ്ൻമെന്റ് പ്രവർത്തനങ്ങൾ, ആശുപത്രി സജ്ജീകരണങ്ങൾ, വാക്സിനേഷൻ തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സംഘം പരിശോധിക്കുകയും പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ജില്ലാ കലക്ടറെയും ആരോഗ്യ വകുപ്പിനെയും അഭിനന്ദിക്കുകയും ചെയ്തു.
യോഗത്തിനു ശേഷം സംഘം മാനന്തവാടി ഗവ. മെഡിക്കൽ കോളജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഡി.എം.ഒ, ഡി.പി.എം തുടങ്ങിയവർ അനുഗമിച്ചു.
വാക്സിൻ സ്വീകരിച്ചവർ 101.65 ശതമാനം
ഡിസംബർ 13 വരെ 18 വയസ്സിന് മുകളിലുള്ള 101.65 ശതമാനം (ഇതര ജില്ലകളിൽ നിന്നെത്തിയ ആളുകൾ കൂടി വാക്സിൻ സ്വീകരിച്ചതോടെ 100 ശതമാനത്തിന് മുകളിലായി) ആദ്യ ഡോസ് വാക്സിനെടുത്തിട്ടുണ്ട്. 83.91 ശതമാനം പേർ രണ്ടാം ഡോസ് സ്വീകരിച്ചു. 100 ശതമാനം ഹെൽത്ത് കെയർ വർക്കർമാരും ഇരു ഡോസ് വാക്സിനും സ്വീകരിച്ചു. ആദിവാസി മേഖലയിൽ 98.81 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ചവർ 78.29 ശതമാനമാണ്. ഇതര സംസ്ഥാന തൊഴിലാളികളിൽ 78 ശതമാനം പേർ ആദ്യ ഡോസും 44 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. പ്രായമായവരിൽ 99.45 ശതമാനം പേർ ഒന്നാം ഡോസ് വാക്സിനെടുത്തു. രണ്ടാം ഡോസ് എടുത്തവരുടെ ശതമാനക്കണക്ക് 98.10 ആണ്. കിടപ്പിലായ രോഗികളിൽ 99.4 ശതമാനം ആദ്യ ഡോസും 85 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു.