കൽപ്പറ്റ: അജൈവ മാലിന്യ ശേഖരണത്തിൽ ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസങ്ങളിൽ യൂസർഫീ ഇനത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ അരക്കോടിയിലധികം രൂപ സമാഹരിച്ചു . സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ആകെ 55,87,768 രൂപ യൂസർഫീ ലഭിച്ചത്. യൂസർഫീ വരുമാനം ഏറ്റവും കൂടുതൽ ലഭിച്ചത് അമ്പലവയൽ ഗ്രാമപഞ്ചായത്തിലാണ് 7,88,040 രൂപ.
വീടുകളിലും സ്ഥാപനങ്ങളിലും എത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനയ്ക്ക് ലഭിക്കുന്ന വരുമാനമാണ് യൂസർഫീ. വീടുകളിൽ നിന്ന് 50 രൂപയും സ്ഥാപനങ്ങളിൽ നിന്ന് മാലിന്യത്തിന്റെ അളവനുസരിച്ച് 100 രൂപയ്ക്ക് മുകളിലുമാണ് യൂസർഫീ നൽകേണ്ടത്. ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ്മ സേന രൂപീകരിച്ചിട്ടുണ്ട്.
സുൽത്താൻ ബത്തേരി നഗരസഭ ഒഴികെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ്മ സേന സജീവമായി പ്രവർത്തിക്കുന്നുണ്ട്. പുതുവർഷത്തിൽ ബത്തേരി നഗരസഭയിലും സേന പ്രവർത്തനമാരംഭിക്കും.
ഹരിത കർമ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ വെച്ച് തരംതിരിച്ച് വിലയുള്ളവയാക്കി മാറ്റി സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഓരോ വിഭാഗം അജൈവ മാലിന്യത്തിനും ക്ലീൻ കേരള കമ്പനി നൽകുന്ന പണം ഹരിത കർമ്മ സേനാംഗങ്ങളുടെ കൺസോർഷ്യം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.