
കുറ്റ്യാടി: കാട്ടാനക്കൂട്ടം നശിപ്പിച്ച കാവിലുംപാറ ചൂരണി മലയിലെ കൃഷിഭൂമികൾ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കാട്ടാനകൾ ഇറങ്ങുന്ന ചൂരണി മുതൽ പക്രന്തളം വരെയുള്ള നാലര കിലോമീറ്റർ ദൂരത്തിൽ സോളാർ ഫെൻസിങ്ങ് സ്ഥാപിക്കണമെന്ന് പ്രസിഡന്റ് പി.ജി ജോർജ് ആവശ്യപ്പെട്ടു. കർഷകരുടെ ഏക്കർ കണക്കിന് ഭൂമിയിലെ കാർഷിക വിളകളാണ് ഒരാഴ്ച്ചക്കിടെ നശിപ്പിക്കപ്പെട്ടത്. പ്രദേശവാസികൾക്ക് പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ഉറപ്പു വരുത്തണം. അതേസമയം പ്രദേശത്ത് സോളാർ ഫെൻസിങ്ങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ച്ചകൾക്ക് മുൻപ് എം.എൽ.എയും ഡി.എഫ്.ഒയും പങ്കെടുത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതുസംബന്ധിച്ച തീരുമാനം വേഗത്തിലാക്കണമെന്നും പ്രദേശത്ത് വാച്ചർമാരെ നിയമിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, കർഷക സംഘം പ്രതിനിധി എ.ആർ വിജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.