കോഴിക്കോട്: നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയ്ക്കെതിരായ യു.ഡി.എഫ് പ്രമേയം കോർപ്പറേഷൻ കൗൺസിൽ യോഗം വോട്ടിനിട്ട് തള്ളി.

പതിനായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന പദ്ധതി സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് തിരിച്ചടിയാകുമെന്ന് പ്രമേയം അവതരിപ്പിച്ച മുസ്ലിം ലീഗിലെ കെ. മൊയ്തീൻകോയ ആരോപിച്ചു. ബി.ജെ.പി അംഗങ്ങൾ കൂടി പ്രമേയത്തെ അനുകൂലിച്ചപ്പോൾ എൽ.ഡി.എഫ് ശക്തമായി എതിർത്തു.

കേരളം നശിച്ചുകാണണമെന്ന് താത്പര്യമുള്ളവരാണ് കെ റെയിലിനെ എതിർക്കുന്നതെന്ന് സി.പി.എമ്മിലെ എം.പി. സുരേഷ് ആരോപിച്ചു. എസ്. ജയശ്രീ, ടി. റനീഷ് , മനോഹരൻ മാങ്ങാറിയിൽ, പി. ദിവാകരൻ തുടങ്ങിയവരും സംസാരിച്ചു.

പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന കോൺഗ്രസിലെ എസ്.കെ. അബൂബക്കറിന്റെ പ്രമേയവും വോട്ടിനട്ട് തള്ളി. ബി.ജെ.പി ഈ പ്രമേയത്തെയും അനുകൂലിച്ചിരുന്നു.

സ്കൂളുകളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണമെന്ന് വരുൺ ഭാസ്കറും നഗരത്തിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്ന് കെ.ടി.സുഷാജും ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു.

ബ്ലൂ ഇക്കണോമി മറൈൻ ബിൽ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കോർപ്പറേഷൻ പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. സി.പി.എം അംഗം വി.കെ.മോഹൻദാസ് അവതരിപ്പിച്ച പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചു. ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസനം ഉറപ്പാക്കണമെന്ന സി.പി.എമ്മിലെ വി.പി. മനോജിന്റെ പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ചു.