
മുക്കം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു. പൊതു ജനത്തെ നേരിട്ടു ബാധിക്കുന്ന മൂന്നു വിഷയങ്ങളാണ് എൽ.ഡി.എഫ് അംഗങ്ങളായ കെ.ശിവദാസൻ, കെ.പി.ഷാജി, ശ്രുതി കമ്പളത്ത് എന്നിവർ അടിയന്തര പ്രമേയങ്ങളിൽ ഉന്നയിച്ചത്. എന്നാൽ പ്രമേയത്തിന് അനുമതി നിഷേധിക്കുകയും തിരുവമ്പാടി എം. എൽ.എയെ അപകീർത്തിപെടുത്തുന്ന പരാമർശം ഉണ്ടാവുകയും ചെയ്തതാണ് ഇറങ്ങിപ്പോക്കിന് ഇടയാക്കിയയതെന്ന് എൽ ഡി.എഫ് അംഗങ്ങൾ പറഞ്ഞു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുകയും സംസ്കരിക്കുകുകയും ചെയ്യുന്ന അംഗീകൃത ഷൂട്ടർമാർക്ക് അതിനാവശ്യമായ സഹായം നൽകണമെന്നാവശ്യപ്പെട്ടപ്പോൾ എം.എൽ.എ പോയി ചെയ്യട്ടെ എന്ന ധിക്കാരപരമായ നിലപാടാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്വീകരിച്ചതന്നു യോഗം ബഹിഷ്കരിച്ചവർ പറഞ്ഞു. ഓരോ വാർഡിലും രണ്ടു പേർക്ക് വീതം ഭവന റിപ്പയർ നടത്താൻ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നെങ്കില്ലം ആരെയും അറിയിക്കാതെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണം, പഞ്ചായത്തിൽ പരക്കെ മാലിന്യം കുന്ന് കൂടുമ്പോഴും മിനി എം. സി. എഫ്. യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കാതിരിക്കുന്നത് പരിശോധിക്കണം എന്നീ വിഷയങ്ങളാണ് ഉന്നയിച്ചതെന്നും അതിനോട് നിഷേധാത്മകവും ധിക്കാരപരവുമായ നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചതെന്നും എൽ. ഡി. എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. കെ.പി.ഷാജി, കെ.ശിവദാസൻ, എം.ആർ.സുകുമാരൻ , ഇ. പി. അജിത്ത് ,ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, ഷിജി സിബി ,കെ.കെ നൗഷാദ് എന്നിവരാണ് യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തിയത്.