
വടകര: ജില്ലയിൽ ആദ്യമായി വീടുകൾ സന്ദർശിച്ച് എന്യൂമറേഷൻ ആപ്പിൽ അതി ദരിദ്രരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന പ്രക്രിയയ്ക്ക് അഴിയൂരിൽ തുടക്കമായി . പഞ്ചായത്തിലെ പത്താം വാർഡിലാണ് അതി ദരിദ്ര നിർണയ പ്രക്രിയയ്ക്ക് എന്യൂമറേറ്റർമാരായ സി.ഐശ്വര്യ, കെ.അനുശ്രീ എന്നിവർ വിവരങ്ങൾ ശേഖരിക്കുന്നത്. വിവരശേഖരണം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ സാവിത്രി, റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, വടകര ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.സന്തോഷ് കുമാർ, കെ.പി റഷീദ്, വി.ഇ.ഒ കെ ബജേഷ് എന്നിവർ സംസാരിച്ചു.അഴിയൂർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നായി 124 പേരാണ് പ്രാഥമിക കരട് പട്ടികയിൽ അതി ദരിദ്രരായി ഉൾപ്പെട്ടിട്ടുള്ളത് .വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ചേർന്ന വിവിധ ഫോക്കസ് ഗ്രൂപ്പുകളിലെ ചർച്ചയിലൂടെയും വാർഡ് ജനകീയ സമിതികൾ അംഗീകരിച്ച പട്ടികയിൽ ഉൾപെട്ടവരുടെ വിവരങ്ങളാണ് വീടുകളിൽ എത്തി മൊബൈൽ ആപ്പിലൂടെ ശേഖരിക്കുന്നത് .അഴിയൂർ ഗ്രാമപഞ്ചായത്തിലാണ് പ്രീ എന്യൂമറേഷൻ പൂർത്തീകരിച്ച് എന്യൂമറേഷൻ ജില്ലയിൽ ആദ്യമായി ആരംഭിച്ചത്.