kdch

 ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനായി ആവിഷ്കരിച്ച ഓഹരിഅധിഷ്ഠിത ചികിത്സാ - വരുമാന പദ്ധതിയ്ക്ക് നാളെ തുടക്കമാവും. രാവിലെ 11 ന് ഷെയർ ഡി കോംബോയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.

എരഞ്ഞിപ്പാലം ട്രിപ്പൻഡ ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് മുഖ്യാതിഥിയായിരിക്കും.

രണ്ട് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം വരെയുള്ള ഓഹരി - നിക്ഷേപ പദ്ധതിയാണ് ഷെയർ ഡി കോംബോ. 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആശുപത്രി ഭരണസമിതി ഏറ്റെടുക്കുന്നതെന്ന് പ്രസിഡന്റ് പ്രൊഫ.പി.ടി. അബ്ദുൾലത്തീഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ബ്ളോക്ക്, ഹൃദയ ശസ്ത്രക്രിയാ വിഭാഗം, നൂറ് മുറി സൗകര്യങ്ങളോടെയുള്ള കെട്ടിടം, മലിനജല ശുദ്ധീകരണ പ്ളാന്റ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

അഞ്ച് ലക്ഷം രൂപയുടെ ഓഹരിയെടുത്താൽ രണ്ടര ലക്ഷം രൂപ വരെ എല്ലാ വർഷവും ചികിത്സാ ഇളവ് ലഭിക്കും. അഞ്ച് പേർക്ക് ഹെൽത്ത് ചെക്ക് അപ്പ്, സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി പരിശോധന എന്നിവ സൗജന്യമായിരിക്കും. വർഷത്തിൽ 20,000രൂപയിൽ കുറയാത്ത തുക വരുമാനമായി ലഭിക്കുകയും ചെയ്യും.

നാല് ലക്ഷം രൂപയുടെ ഓഹരിയ്ക്ക് രണ്ട് ലക്ഷത്തിന്റെ ചികിത്സാ ഇളവാണ് ലഭിക്കുക. നാല് പേർക്ക് ഹെൽത്ത് ചെക്ക് അപ്പ് നടത്താം. 16,000 രൂപയിൽ കുറയാത്ത തുക വരുമാനവും ലഭിക്കും. മൂന്നു ലക്ഷം രൂപയുടെ ഓഹരിയ്ക്ക് ഒന്നര ലക്ഷത്തിന്റെ ചികിത്സാ ഇളവും മൂന്ന് പേർക്ക് ഹെൽത്ത് ചെക്ക് അപ്പ് സൗകര്യവുമുണ്ടാവും. 12,000 രൂപയിൽ കുറയാത്ത തുക വരുമാനം ലഭിക്കും. രണ്ട് ലക്ഷത്തിന്റെ ഓഹരിയ്ക്ക് ഒരു ലക്ഷത്തിന്റെ ചികിത്സാ ഇളവും രണ്ട് പേർക്ക് ഹെൽത്ത് ചെക്ക് അപ്പും. വരുമാനമായി 8,000 രൂപയിൽ കുറയാത്ത തുക ലഭിക്കും.

വാർത്താസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ കെ.കെ.ലതിക, ഡയറക്ടർ അഡ്വ.കെ.ജയരാജൻ, സി.ഇ.ഒ എ.വി.സന്തോഷ്‌കുമാർ, മെഡിക്കൽ സുപ്രണ്ട് ഡോ.അരുൺ ശിവശങ്കർ എന്നിവരും സംബന്ധിച്ചു.