bypass
രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറുവരിയാക്കുന്നതിന്റെ ഭാഗമായി മൊകവൂർ ഭാഗത്ത് മണ്ണിട്ടുയർത്തിയപ്പോൾ.

കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറുവരിയാക്കൽ പ്രവൃത്തിക്ക് യുദ്ധകാല വേഗം. കരാറുകാരെ ഉറപ്പിക്കുന്നതിലെ നൂലാമാലകൾ നീങ്ങിയതോടെയാണ് പാത നി‌ർമ്മാണത്തിന് വേഗം കൂടിയത്. സാങ്കേതികപ്രശ്‌നങ്ങളും തടസ്സമായി. കെ.എം.സി കൺസ്ട്രക്‌ഷൻസാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഇരുവശങ്ങളിലേയും മരങ്ങൾ നീക്കി മണ്ണിട്ട് ഉറപ്പിക്കൽ അവസാനഘട്ടത്തിലാണ്. മലാപ്പറമ്പ് മുതൽ പൂളാടിക്കുന്നുവരെയുള്ള ഭാഗം മണ്ണിട്ടുറപ്പിക്കൽ പുരോഗമിക്കുകയാണ്. രാമനാട്ടുകര, തൊണ്ടയാട് മേൽപ്പാലങ്ങളോട് ചേർന്ന് നിർമ്മിക്കുന്ന പുതിയ മേൽപ്പാലത്തിന്റെ പരീക്ഷണ പൈലിംഗ് തുടങ്ങിക്കഴിഞ്ഞു.
കോഴിക്കോടിന്റെ സ്വപ്‌നപദ്ധതിയായ ആറുവരി ബൈപ്പാസ് രാമനാട്ടുകര ഇടിമൂഴിക്കൽ മുതൽ വെങ്ങളംവരെ 28.4 കിലോമീറ്റർ ദൂരത്തിലാണ്. റോഡ് പൂർത്തിയാകുന്നതോടെ നിലവിൽ ബൈപ്പാസിൽ നിന്നുള്ള കണക്ഷൻ റോഡുകളെല്ലാം മേൽപ്പാലങ്ങൾക്കോ ഭൂഗർഭപാതയ്‌ക്കോ വഴിമാറും. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബർപാർക്ക്, ഹൈലൈറ്റ്മാൾ, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര ജംഗ്ഷൻ എന്നിവിടങ്ങളിലാണ് മേൽപ്പാലങ്ങൾ പണിയുന്നത്. മലാപ്പറമ്പ്, വേങ്ങേരി ജംഗ്ഷനുകളിൽ ഭൂഗർഭ പാതയാണ് ആലോചിക്കുന്നത്. നിലവിലെ റോഡ് ആറുവരിയാകുമ്പോൾ പ്രദേശവാസികളിലുണ്ടാക്കുന്ന ആശങ്ക പരിഹരിച്ച് പദ്ധതി യാഥാർത്ഥ്യമാക്കാനാണ് കരാറുകാരുടേയും സർക്കാരിന്റേയും തീരുമാനം.