 
പുതുപ്പാടി: കലുങ്ക്നിർമാണം പാതിവഴിയിലായതോടെ അടിവാരം ചുരംറോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. ഒരുവർഷം മുമ്പ് നിർമ്മാണംനിലച്ച കലുങ്കിന്റെ പണി ഇനിയും പുനരാരംഭിച്ചിട്ടില്ല. റോഡിന്റെ പകുതിഭാഗം മാത്രമാണ് പ്രവൃത്തി നടത്തിയത്.ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തുഷാരഗിരിയിലേക്കുള്ള വഴികൂടിയാണിത്.
നൂറുകണക്കിന് സഞ്ചാരികളാണ് ഇതുവഴി കടന്നുപോകുന്നത്. കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് വരുന്ന രോഗികളുമായി കടന്നുപോകുന്ന ആംബുലൻസുകളും മറ്റ് വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്.ടിപ്പറുകൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ സദാസമയവും ചീറിപ്പായുന്ന റൂട്ടിൽ ഏറെ സാഹസപ്പെട്ടുവേണം യാത്ര ചെയ്യാൻ.ചുരം നാലാംവളവിലേക്കുള്ള ബൈപ്പാസ് റോഡും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.മണിക്കൂറുകളോളമുള്ള ഗതാഗത തടസ്സത്തിന് പുറമേ പൊടിശല്യംകാരണം സമീപത്തെ വ്യാപാരികൾ ദുരിതത്തിലായിരിക്കുകയാണ്.വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടി കടകൾക്കുള്ളിലേക്ക് കയറുന്നതായി വ്യാപാരികൾ പറയുന്നു.പൊടിശല്യം വഴിയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.വ്യാപാരികളും മറ്റ് സന്നദ്ധസംഘടനകളും വകുപ്പുമന്ത്രിയെ നേരിൽകണ്ടു നിവേദനങ്ങൾ നൽകുകയും അദ്ദേഹം നേരിട്ടുകണ്ട് ബോദ്ധ്യപ്പെടുകയും ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരമായില്ല.എന്നാൽ കരാറുകാരൻ പറയുന്നത് മഴയെത്തുടർന്നാണ് കലുങ്ക് നിർമ്മാണം നിർത്തിവെച്ചതെന്നാണ്.എത്രയും പെട്ടെന്ന് പണി പൂർത്തികരിച്ചില്ലെങ്കിൽ പൊതു ജനങ്ങൾ കക്ഷിഭേദമന്യേ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു. കലുങ്ക് പൊളിച്ച വശം പൂർത്തിയാക്കാതെ നിർമ്മാണം തുടരാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾ പറഞ്ഞു.