war
ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ 50 ാം വാർഷിക ദിനത്തിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചശേഷം മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സൈനികരുമായി കുശലാന്വേഷണം നടത്തുന്നു

കോഴിക്കോട്: ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യയ്ക്കായി പൊരുതിയ സൈനികരെ ആദരിച്ച് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി. രാധാകൃഷ്ണൻ പന്തീരാങ്കാവ്, കൊയിലാണ്ടി നന്ദി സ്വദേശി ഹരിദാസൻനായർ, കീഴരിയൂരിലെ പി.ഭാസ്‌ക്കരൻ, ടി.പി.മാധവൻ പന്തീരാങ്കാവ്, എം.വി.ഗോവിന്ദൻ, പി.ഗംഗാധരൻ, താമരശ്ശേരി പലാംപറ്റ രാമനുണ്ണി നായർ തുടങ്ങി ഏഴുപേരെയാണ് വിജയ് ദിവസ് പരിപാടിയിൽ ആദരിച്ചത്. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പോരാളികൾക്ക് മധുരം നൽകി പൊന്നാടയണിച്ചു.
ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്ത ധീരജവാന്മാരെ അനുസ്മരിക്കാൻ കേന്ദ്രസർക്കാർ മടികാണിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കരുത്തും നയതന്ത്രജ്ഞതയും ലോകം വിസ്മയത്തോടെ കണ്ട സമയമാണ് ഈ യുദ്ധമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ.അബ്രഹാം, പി.എം.നിയാസ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, പി.ഉഷദേവി, സുനിൽ മടപ്പള്ളി, ഗൗരി പുതിയോത്ത് തുടങ്ങിയവർ സംബന്ധിച്ചു. പി.എം.അബ്ദുറഹ്മാൻ സ്വാഗതവും ബേപ്പൂർ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.


സ്വപ്‌നത്തിലും തെളിയുന്നു യുദ്ധമുഖം
കോഴിക്കോട്: വർഷം അമ്പതായി എന്നിട്ടും സ്വപ്‌നത്തിൽ പോലും യുദ്ധം തെളിയുകയാണെന്ന് വിമുക്തഭടൻ എം.വി.ഗോവിന്ദൻ. കൊയിലാണ്ടി മുചുകുന്ന് കൊയിലോത്തുംപടി അമ്പലത്തിന് സമീപത്താണ് വീട്. കോഴിക്കോട് ഡി.സി.സിയിൽ ബംഗാൾ വിമോചന യുദ്ധത്തിന്റെ അമ്പതാമാണ്ടിൽ ആദരമേറ്റുവാങ്ങാൻ എത്തിയതാണ് ഗോവിന്ദൻ.
മദ്രാസ് റെജിമെന്റിൽ പട്ടാളക്കാരനായിരിക്കുമ്പോഴാണ് അതിർത്തിയിൽ നിന്ന് വിളിവരുന്നത്. പിന്നീട് മൂന്നുമാസക്കാലം യുദ്ധമുഖത്തായിരുന്നു. കുഴിമാടങ്ങളിലും ബങ്കറുകളിലും ഒളിച്ചിരുന്നായിരുന്നു യുദ്ധം. തന്റെ ഇടത്തും വലത്തുമുണ്ടായിരുന്ന സഹപ്രവർത്തകർ വെടിയേറ്റ് വീഴുന്നതും പാലക്കാടുള്ള യൂസഫ് വെടിച്ചീളുകളേറ്റ് കാൽനഷ്ടപ്പെട്ട് പിടയുന്നതുമെല്ലാം ഇപ്പോഴും കാതിലുണ്ട്. യുദ്ധം തീർന്നിട്ടും 20 ദിവസത്തോളം അതിർത്തിയിലെ യുദ്ധത്താവളത്തിൽ കഴിഞ്ഞായിരുന്നു മടക്കം. അപ്പോഴെല്ലാം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും കുടുംബത്തിനറിയില്ലായിരുന്നെന്ന് പഴയ പട്ടാളക്കാരന്റെ അതേ വീര്യത്തോടെ ഗോവിന്ദൻ ഓർക്കുന്നു.