കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമതീരുമാനം വരാനിരിക്കെ, ഇതേച്ചൊല്ലിയുള്ള വിമർശനങ്ങളുടെ മുനയൊടിക്കാൻ സി.പി.എം നേതൃത്വം രംഗത്ത്. റിപ്പോർട്ട് നടപ്പാക്കുമ്പോൾ ജനവാസമേഖലയെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യമുയർത്തുകയാണ് പാർട്ടി.

ജനങ്ങളിൽ ഭയവും ആശങ്കയും കൂട്ടാനുള്ള ബോധപൂർവമായ നീക്കങ്ങൾ നടന്നുവരികയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ കുറ്റപ്പെടുത്തി. കേരള ബയോഡൈവേഴ്‌സിറ്റി ബോർഡ് തയ്യാറാക്കിയ ലിസ്റ്റിൽ പെടാത്ത ഒരു സെന്റ് ഭൂമി പോലും കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽ ഉൾപ്പെടുത്താനോ തുടർ നടപടികൾ എടുക്കാനോ പാടില്ല.
യു.ഡി.എഫ് സർക്കാർ നിയോഗിച്ച ഉമ്മൻ വി.ഉമ്മൻ കമ്മിഷൻ കസ്തൂരിരംഗൻ റപ്പോർട്ടിൽ ഉൾപ്പെട്ടിരുന്ന 13000 ചതുരശ്ര കലോമീറ്റർ ഭൂമി 9972 ചതുരശ്ര കലോമീറ്ററാക്കിയാണ് ഇ.എസ്.എ പരിധി ചുരുക്കിയത്. പിന്നീട് ജനങ്ങളുടെ വികാരത്തിനൊപ്പം നിന്ന് എൽ.ഡി.എഫ് സർക്കാർ റിപ്പോർട്ട് പുന:പരിശോധിച്ച് 123 വല്ലേജുകളിൽ നിന്ന് ഇ.എസ്.ആർ പരിധി 92 ആയി കുറച്ചു. മൊത്തം വിസ്തൃതി 8300 ചതുരശ്ര കിലോമീറ്റാക്കിയും ചുരുക്കി. കോഴിക്കോട് ജില്ലയിൽ ഒൻപത് പഞ്ചായത്തുകളിലായി ഒമ്പത് വില്ലേജുകളാണ് ഇ.എസ്.എ പരിധിയിൽ വരുന്നത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.