news
പക്രന്തളം ചുരം റോഡിനോടു ചേർന്ന് വനാതിർത്തിയിൽ ഇറങ്ങിയ കാട്ടാനകൾ

കുറ്റ്യാടി: കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ പക്രന്തളം ഭാഗത്ത് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം വീണ്ടും. ചുരം റോഡിന്റെ എതിർദിശയിലായി വനത്തോടു ചേർന്നുള്ള ജനവാസ കേന്ദ്രത്തിൽ ഇന്നലെ കാലത്ത് പത്ത് മണിയോടെ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുകയായിരുന്നു. പടിക്കൽ ബഷീർ, പടിക്കൽ അബ്ദുൾ റഹ്‌മാൻ എന്നിവരുടെ കൃഷിഭൂമിയിലെ വിളകൾ ഇവ പാടെ നശിപ്പിച്ചു.

നിബിഡ വനത്തിൽ നിന്നെത്തിയ ആനക്കൂട്ടം ആഴ്ചകളായി വനാതിർത്തിയിലെ കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. കമുങ്ങ്, തെങ്ങ് തുടങ്ങിയവ പിഴുതെറിഞ്ഞും തകർത്തുമാണ് കാട്ടാനകളുടെ മുന്നേറ്റം. അഞ്ചോളം കാട്ടാനകൾ പട്ടാപ്പകലും ജനവാസ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി ചൂരണി ഭാഗത്തെത്തിയ കാട്ടാനകൾ കാർഷിക വിളകൾ പരക്കെ നശിപ്പിച്ചിരുന്നു. പകൽ സമയത്ത് ഉൾക്കാട്ടിലേക്ക് കയറുന്ന ഇവ രാത്രി ജനവാസമേഖലയിൽ ഇറങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും പകൽനേരത്തും ഇവ കാടിറങ്ങുന്നുണ്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമം തുടരുന്നുണ്ടെങ്കിലും അവ പിൻവാങ്ങുന്ന ലക്ഷണമില്ല. മലയോരവാസികൾക്ക് ഉറക്കം കെട്ട അവസ്ഥയാണിപ്പോൾ.