മുക്കം: നഗരസഭ പരിധിയിൽ ചേന്ദമംഗല്ലൂർ പുൽപറമ്പിൽ നെൽവയൽ മണ്ണിട്ടുനികത്താനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം അധികൃതർ തടഞ്ഞു.
ഇരുവഞ്ഞി പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ പെട്ടെന്ന് വെള്ളം കയറുന്ന പുൽപറമ്പ് പ്രദേശത്ത് ഏക്കർ കണക്കിന് നെൽകൃഷിയുള്ളതാണ്. പാടത്ത് റോഡിനോടു ചേർന്ന ഭാഗത്ത് കരിങ്കല്ല് വച്ച് കെട്ടി ഉയർത്തി മണ്ണിട്ട് നികത്താനായിരുന്നു ശ്രമം. നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്.
കൊടിയത്തൂരിലെ കാരാട്ട് കൊളായിൽ ഖാലിദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. കരിങ്കൽകെട്ട് നിർമ്മിക്കാൻ കിളച്ച് മണ്ണെടുത്ത സ്ഥലം പൂർവസ്ഥിതിയിലാക്കാൻ ഉടമയോട് അധികൃതർ നിർദ്ദേശിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരവും കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടപ്രകാരവും ഉടമയുടെ പേരിൽ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.