y
ഗ്രാസിം ആകാശ കാഴ്ച

മാവൂർ:കാടുപിടിച്ച് കിടക്കുന്ന മാവൂർ ഗ്രാസിം ഭൂമി താവളമാക്കിയ കാട്ടുപന്നികൾ കർഷകർക്ക് പേടി സ്വപ്നമാകുന്നു.ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് കർഷകർ കൃഷി ചെയ്യുന്ന കാർഷിക വിളകൾ മിക്കതും രാത്രിയിൽ കാട്ടുമ‌ൃഗങ്ങൾ കൂട്ടത്തോടെയെത്തി നശിപ്പിക്കുകയാണ്.ഇതോടെ കൃഷി ഉപജീവനമാക്കിയ നൂറുകണക്കിന് ക‌ർഷകരുടെ ജീവിതം വഴിമുട്ടി.21 ഓളം കാട്ടുപന്നികളെയാണ് അടുത്തിടെയായി എംപാനലിലുള്ള ഗൺമാൻമാരായ ബാലൻ കച്ചേരിയും ബിജുവും ചേർന്ന് വെടിവെച്ച് കൊന്നത്ത്. കാടിനുള്ളിൽ രണ്ടായിരത്തിൽ കൂടുതൽ പന്നികൾ ഉണ്ടെന്നാണ് കണക്ക്.

ആരും തിരിഞ്ഞു നോക്കാതായതോടെയാണ് മാവൂർ ഗ്രാസിം ഭൂമി കാട്ടുമൃഗങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയത്.കെട്ടിടത്തിനകത്ത് നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളുമാണ്.ലഹരി മരുന്ന് ഉപയോഗവും വില്പനയും കെട്ടിടം കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.പലവികസന പ്രവർത്തനങ്ങൾക്കും വിലങ്ങുതടിയായി മാറിയിരിക്കുകയാണ് ഈ ഭൂമി. ആകെ 20. 48 ചതുരശ്ര കീ.മി വിസ്തീർണമുള്ള മാവൂർ പഞ്ചായത്തിന് ലഭിക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും പല പദ്ധതികളും സ്ഥലമില്ലെന്ന കാരണത്താൽ തൊട്ടടുത്ത പഞ്ചായത്തുകളിലേക്ക് മാറി പോകുന്നു.ചാലിയാർ പുഴയോരത്തുള്ള ഈ കാടിനുള്ളിൽ ആയുധങ്ങൾ സൂക്ഷിക്കുന്നതിനും പുഴയിലൂടെ ആയുധങ്ങൾ കൈമാറ്റം ചെയ്യാനും എളുപ്പമാണ്.മാവൂർ പൊലീസിന് പെട്രോളിംഗിന് സ്വന്തമായി ബോട്ടോ തോണി സൗകര്യമോ ഇല്ല.ഈ കാടിനുള്ളിൽ നിരവധി ആത്മഹത്യകൾ നടന്നിട്ടുണ്ട്.കാട്ടുമൃഗങ്ങൾക്ക് പുറമേ അക്രമകാരികളുടെയും സാമൂഹ്യവിരുദ്ധരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് ഇവിടം.അടുത്തിടെ വാഴക്കാട് ഭാര്യയെ കൊന്ന ശേഷം പ്രതിയായ ഭർത്താവ് ഒളിച്ചിരുന്നതും ഈ ഭൂമിയിലാണ്.ഗ്രാസിം മനേജ്മെന്റിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷയിലാണ് ജനങ്ങൾ.

അടിയന്തര നടപടി സ്വീകരിക്കണം

റയോണിന്റെ കൈവശമുള്ള ഭൂമി കാട്ടുവെട്ടി തെളിയിക്കുന്നതിനായി നാട് ഒന്നിച്ചിരിക്കുകയാണ്. അതിനായി വിവിധ സംഘടനകളുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനജാഗ്രതാ സമിതി രൂപികരിച്ചു.കൃഷി നശിപ്പിക്കുന്നതിനോടൊപ്പം ജനങ്ങളെയും അക്രമിച്ച് പരിക്കേൽപ്പിക്കാൻ തുടങ്ങിയതോടെയാണ് ജനങ്ങൾ കാട് വെട്ടി തെളിയിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ 20 വർഷമായി പുതിയ വ്യവസായം ആരംഭിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു ഗ്രാസിം മനേജ്മെന്റും രാഷ്ട്രീയ നേതാക്കളും.കാട്ടുപന്നികളുടെ നിരന്തരമായ അക്രമണം കാരണം പലരും കൃഷി തന്നെ ഉപേക്ഷിച്ചു.ഇതിനു ശാശ്വത പരിഹാരം കാണാണമെന്ന് ലക്ഷ്യം മുൻനിർത്തിയാണ് ജനജാഗ്രത സമിതി രൂപീകരിച്ചിരിക്കുന്നത്.പഞ്ചായത്ത് ഭരണ സമിതി ഈ വിഷയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ച് ചേർക്കുന്നുണ്ട്.