കൽപ്പറ്റ: സംസ്ഥാനത്ത് കൊവിഡിന്റെ വകഭേദമായ 'ഒമിക്രോൺ' കണ്ടെത്തിയ സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന നിർദേശിച്ചു. സാമൂഹിക ഇടപെടലുകളും ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നതും ഒഴിവാക്കണം. മാസ്‌ക്, സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണം.

യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. റാൻഡം പരിശോധനയിൽ കൊവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പർക്കത്തിൽ വന്ന് കൊവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഇവർക്ക് വിമാനത്താവളങ്ങളിൽ അർടിപിസിആർ പരിശോധന നടത്തും. ഫലം നെഗറ്റീവാണെങ്കിൽ ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാൽ പ്രത്യേകം സജ്ജീകരിച്ച വാർഡുകളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തുമെന്നും ഡി.എം.ഒ അറിയിച്ചു.

ഒമിക്രോൺ സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. വാക്സിൻ സ്വീകരിക്കാത്തവർ ഉടൻ തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കണം. കൊവിഡ് വന്നവർ മൂന്നുമാസം കഴിഞ്ഞ് വാക്സിൻ സ്വീകരിച്ചാൽ മതി. വാക്സിനെടുക്കാത്ത അദ്ധ്യാപകർക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

90 പേർക്ക് കൂടി കൊവിഡ്

ടി.പി.ആർ 5.94

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 90 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 103 പേർ രോഗമുക്തി നേടി. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.94 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134493 ആയി. 132636 പേർ രോഗമുക്തരായി. നിലവിൽ 1103 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1039 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1113 പേർ ഉൾപ്പെടെ ആകെ 10143 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 634 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.

രോഗം സ്ഥിരീകരിച്ചവർ

കൽപ്പറ്റ 13, പുൽപ്പള്ളി 8, മേപ്പാടി, തവിഞ്ഞാൽ 7 വീതം, നെന്മേനി 6, കണിയാമ്പറ്റ, കോട്ടത്തറ, ബത്തേരി 5 വീതം, മീനങ്ങാടി, മുള്ളൻകൊല്ലി 4 വീതം, മാനന്തവാടി, മുട്ടിൽ, പനമരം, തൊണ്ടർനാട്, വൈത്തിരി 3 വീതം, എടവക, പടിഞ്ഞാറത്തറ, പൂതാടി 2 വീതം, അമ്പലവയൽ, പൊഴുതന, തരിയോട്, തിരുനെല്ലി, വെള്ളമുണ്ട ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.