കൽപ്പറ്റ: കുതച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാൻ സർക്കാരിന്റെ തക്കാളി വണ്ടി നിരത്തിലിറങ്ങി. ഒരു കിലോ തക്കാളിക്ക് 50 രൂപ. പൊതു വിപണിയിൽ നൂറു രൂപയും അതിലധികയുമാണ് വില. മറ്റ് പച്ചക്കറികൾക്ക് അഞ്ച് മുതൽ 15 ശതമാനം വരെ വിലക്കുറവുണ്ട്.
അടുക്കളയ്ക്ക് ആശ്വാസമായി കൃഷി വകുപ്പിന് കീഴിലുള്ള വി.എഫ്.പി.സി.കെയാണ് തക്കാളി വണ്ടി നിരത്തിലിറക്കിയത്. വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റത്തെ തടയുകയാണ് ലക്ഷ്യം. പച്ചക്കായ, പയർ, പടവലം, പച്ചമുളക് തുടങ്ങിയവ ജില്ലയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ചാണ് വിപണിയിലെത്തിക്കുന്നത്.
കൽപ്പറ്റ, മാനന്തവാടി, ബത്തേരി, മീനങ്ങാടി, പനമരം, പടിഞ്ഞാറത്തറ, വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിൽ ജനുവരി ഒന്ന് വരെ വിവിധ ദിവസങ്ങളിലായി തക്കാളി വണ്ടിയെത്തും.
തക്കാളി വണ്ടിയുടെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. ആദ്യവിൽപ്പനയായി ജില്ലാ പഞ്ചായത്ത് അംഗം അമൽജോയ് പച്ചക്കറികൾ ഏറ്റുവാങ്ങി. കളക്ട്രേറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ മുരളീധര മേനോൻ, എ.എസ്.ജെസ്സിമോൾ, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ എസ്.സിന്ധു, ടെക്നിക്കൽ അസിസ്റ്റന്റ് ടെസ്സി ജേക്കബ്ബ്, അക്കൗണ്ട്സ് ഓഫീസർ സുനിൽ എ.ജെ.ജോസഫ്, വി.എഫ്.പി.സി.കെ മാനേജർ യു.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.