 
# യൂത്ത് കോൺഗ്രസ് പദയാത്രയ്ക്ക് സമാപനം
കോഴിക്കോട്: രാജ്യവും സംസ്ഥാനവും ഭരിക്കുന്നത് തീവ്രവലതുപക്ഷക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ സി.പി.എം സ്വീകരിച്ചത് പിന്തിരിപ്പൻ നിലപാടാണ്. 50 കോടി നൽകിയാൽ രക്ഷിക്കാവുന്ന കെ.എസ്.ആർ.ടി.സിയെ അവഗണിച്ച് രണ്ട് ലക്ഷം കോടി ചെലവഴിച്ച് വരേണ്യവർഗത്തിനായി കെ.റെയിൽ നിർമ്മിക്കുകയാണ്. സംഘപരിവാറും സംസ്ഥാന സർക്കാറും ആസൂത്രണത്തിൽ നിന്ന് മാറി കോഴ ലക്ഷ്യമിട്ട് പദ്ധതികൾക്ക് പിന്നാലെ പോവുകയാണ്. പേരുകൾ നോക്കി തീവ്രവാദ ബന്ധം ആരോപിക്കുന്ന സംഘപരിവാർ നിലപാടാണ് കേരള പൊലീസിനും. മതത്തെ ചേർത്ത് നിറുത്തുന്നതാണ് ഇന്ത്യയുടെ മതേതരത്വം. അതാണ് രാഹുൽഗാന്ധി പറഞ്ഞത്. ഹിന്ദു ഒരുമതമാണ്, ഒരു ജീവിത രീതിയാണ്, വിശ്വാസമാണ്. പക്ഷേ ഹിന്ദുത്വം രാഷ്ട്രീയ അജണ്ടയാണ്. സംഘപരിവാർ ശക്തികൾ ഏറ്റവും അധികം കബളിപ്പിക്കുന്നത് ഭൂരിപക്ഷ സമുദായക്കാരെയാണെന്നും വി.ഡി.സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിസന്റ് ടി.സിദ്ദിഖ്, എം.കെ.രാഘവൻ.എം.പി, രമ്യ ഹരിദാസ് എം.പി, കെ.ശബരീനാഥൻ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, കെ.സി.അബു, വിദ്യാ ബാലകൃഷ്ണൻ, പുഷ്പലത, റിജിൽ മാക്കുറ്റി, ബാലു, യു.രാജീവൻ, എൻ.സുബ്രഹ്മണ്യൻ, എം.ധനീഷ് കുമാർ, പ്രേംരാജ്, ദുൽഖിഫിൽ, രാജേഷ്‌കുമാർ, തുടങ്ങിയവർ പങ്കെടുത്തു.
ആവേശത്തിരയിളക്കി
യൂത്ത് കോൺഗ്രസ് പദയാത്ര
കോഴിക്കോട്: പ്രതാപം തിരിച്ചുപിടിക്കാനുള്ള ആഹ്വാനവുമായി യൂത്ത് കോൺഗ്രസ് പദയാത്ര. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നയിച്ച ഇന്ത്യ യുനൈറ്റഡ് പദയാത്ര കോഴിക്കോട് നഗരംചുറ്റി കടപ്പുറത്ത് സമാപിച്ചു. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് ഫ്ലാഗ് ഒഫ് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.