2
ഇടിമിന്നലിൽ കത്തിയ സോളാർ പാനൽ

കൊയിലാണ്ടി:രാജ്യാന്തര പദവിയായ ബ്ലൂഫ്ലാഗ് ലഭിച്ച് കോഴിക്കോട് കാപ്പാട് ബീച്ചിൽ വെള്ളവും വെളിച്ചവുമില്ലാതായിട്ട് മാസങ്ങളായി.നിലവിൽ വൈകുന്നേരം അഞ്ചര മണിയോടെ ബീച്ച് അടയ്ക്കുകയാണ്. പ്രളയകാലത്ത് ഇടിമിന്നലിൽ കത്തിപ്പോയതാണ് ബീച്ചിലെ സോളാർ പാനാൽ. ഡൽഹിയിലെ സ്വകാര്യ കമ്പനിയാണ് പാനൽ സ്ഥാപിച്ചത്. പാനൽ കത്തിയ വിവരം കമ്പനിയെ അറിയിക്കുകയും കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. വാറന്റി ബാധകമല്ലാത്തതിനാൽ പുതിയ ബാറ്ററി ഇൻസ്റ്റാൾ ചെയ്യണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏകദേശം 50,000 രൂപ ചെലവ് വരുമെന്നാണ് അറിയുന്നത്.ആയിരകണക്കിന് വിനോദ സഞ്ചാരികളാണ് ദിനപ്രതി ഇവിടെയെത്തുന്നത്.ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾ അടുത്തതോടെ വൻ ജനപ്രവാഹം ഉണ്ടാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ വെള്ളവും വൈദ്യുതിയും ഇല്ലാത്തത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറഞ്ഞു. ഇപ്പോൾ താത്ക്കാലികമായി ടോയ്ലറ്റുകളിൽ വെള്ളമെത്തിക്കാൻ ശ്രമിക്കുന്നതായി ജീവനക്കാർ പറഞ്ഞു. ഞായറാഴ്ച ദിവസങ്ങളിൽ 50,000 രൂപയിലധികം കളക്ഷൻ ഉണ്ടാകാറുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. ആ പണം ഉപയോഗിച്ചാൽ പുതിയ ബാറ്ററികൾ സ്ഥാപിക്കാൻ കഴിയും. താത്കാലിക സംവിധാനമുണ്ടാക്കാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശാശ്വതമായ പരിഹാരം ഉടൻ ഉണ്ടാകുമെന്നും ഡി.ടി.പി.സി.സെക്രട്ടറി നിഖിൽ ദാസ് പറഞ്ഞു.