കൽപ്പറ്റ: രാജ്യത്ത് ആദ്യമായി കൊവിഡ് വാക്സിനേഷൻ 100 ശതമാനം പൂർത്തീകരിച്ച ജില്ല എന്ന നേട്ടം കൈവരിച്ച വയനാട് രണ്ടാം ഡോസ് വാക്സിനേഷനും 100 ശതമാനം പൂർത്തീകരിക്കുന്നതിനായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 19 മുതൽ 22 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി യൂണിറ്റുകൾ, കോളേജുകൾ, ഡ്രൈവർമാരുടെ സംഘടനകൾ, മോട്ടോർ വാഹന ഉടമസ്ഥരുടെയും തൊഴിലാളികളുടെയും സംഘടനകൾ, പെൻഷനേഴ്സ് സംഘടന, അദ്ധ്യാപക അനദ്ധ്യാപക സംഘടനകൾ, ഡോക്ടർമാർ, നഴ്സ്മാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, തീയറ്റർ സംഘടനകൾ, പത്ര മാധ്യമ സംഘടനകൾ, ക്ഷേമനിധി സംഘടനകൾ, തയ്യൽ, ചുമട്ടു തൊഴിലാളി സംഘടനകൾ, ബാർ അസ്സോസിയേഷനുകൾ, സർക്കാർ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, വയനാട് ഇന്റർ ഏജൻസി ഗ്രൂപ്പ് തുടങ്ങി എല്ലാവരും വാക്സിനേഷൻ ക്യാമ്പുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ എ.ഗീത അഭ്യർത്ഥിച്ചു.
മികച്ച രോഗ പ്രതിരോധ ശേഷി കൈവരിക്കുന്നതിന് 18 വയസ്സിനു മുകളിലുള്ള അർഹരായ മുഴുവൻ ആളുകളും മെഗാ ക്യാമ്പിൽ പങ്കെടുത്ത് രണ്ടാം ഡോസ് വാക്സിനും സ്വീകരിക്കണമെന്ന് ഡി.എം.ഒ ഡോ. കെ.സക്കീന അറിയിച്ചു.
വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരിൽ നിന്നും മുനിസിപ്പാലിറ്റി കൗൺസിലർമാരിൽ നിന്നും ലഭിക്കും.