കൽപ്പറ്റ: യുവതി മാനഭംഗത്തിനിരയായ കേസ് പൊലിസ് അട്ടിമറിക്കുന്നതായി പരാതി. നിരവിൽപുഴ സ്വദേശിനിയാണ് വാർത്താസമ്മേളനത്തിൽ പൊലിസിനെതിരെ ഗുരുതര അരോപണമുന്നയിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ എസ്.പി ഓഫീസിനു മുന്നിൽ സമരമാരംഭിക്കുമെന്നും യുവതി പറഞ്ഞു.

ഖത്തറിൽ സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത് 2019 മാർച്ച് മാസത്തിൽ ഭർത്താവും സഹോദരനും വിദേശത്ത് കൊണ്ടുപോയി ഒമ്പത് മാസത്തോളം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ഇത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊണ്ടർനാട് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താനോ നടപടി സ്വീകരിക്കാനോ പൊലിസ് തയ്യാറായില്ല. ഇതിന് പുറമെ മജിട്രേറ്റിന് മുന്നിൽ പോകുമ്പോൾ പീഡന വിവരം പറയരുതെന്നും മൊഴിയെടുക്കാൻ പ്രത്യേകം വനിതാ ജഡ്ജി വരുമെന്നും വനിതാ കോൺസ്റ്റബിൾ തെറ്റിദ്ധരിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. കേസ് കൊടുത്തതിന് ശേഷം പ്രതികൾ വീട്ടിൽ വന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും എസ്.പിക്കും ഐ.ജിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും യുവതി പറഞ്ഞു.