കൊടിയത്തൂർ: കഴിഞ്ഞ ദിവസം നടത്തിയ ഭരണസമിതി യോഗത്തിൽ നിന്നും എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപോയി.അജണ്ടയിൽ ഉൾപ്പെടുത്താതെയും മുൻകൂട്ടി മെമ്പർമാർക്ക് കോപ്പി നൽകാതെയും ജമാഅത്ത് - വെൽഫയർ അംഗമായ സീനത്തിന് കേരള സർക്കാരിനെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചുമാണ് ഇറങ്ങിപ്പോക്ക്. ചട്ടം ലംഘിച്ചാണ് പ്രസിഡന്റ് പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയത് വിലക്കയറ്റത്തിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ജമാഅത്ത് - യു.ഡി.എഫ് കൂട്ടുകെട്ടിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് അംഗങ്ങളായ കോമളം ടി.സി,​ സിജി എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപോയത്. ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് രേഖാമൂലം പരാതിയും നൽകി.

ഗ്രൗണ്ട് ഫീസ് നൽകാതെ ഫുട്ബാൾ ടൂർണമെന്റ് നടത്തുന്നതിനായി ചെറുവാടിയിലെ പഞ്ചായത്ത് ഗ്രൗണ്ട് കോൺഗ്രസ് കമ്മിറ്റിക്ക് നൽകാനുള്ള നീക്കത്തിലും എൽ.ഡി.എഫ് മെമ്പർമാർ വിയോജനം രേഖപ്പെടുത്തി.