subway
കോഴിക്കോട് പാളയം സബ് വേ ഉദ്ഘാടനം ചെയ്ത മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചുമരിലെ ചിത്രങ്ങൾ കാണുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ സമീപം.

കോഴിക്കോട്: കോഴിക്കോടൻ ചരിത്രത്തിലേക്ക് മിഴിതുറന്ന പാളയം സബ് വേ പൊതുമരാമത്ത് മന്ത്രി കോഴിക്കോടിന് സമർപ്പിച്ചതോടെ അവസാനിച്ചത് വർഷങ്ങളുടെ കാത്തിരിപ്പ്. അടിപ്പാതയിലേക്ക് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതുവരെയുള്ള ഇടങ്ങളിലെ ചുമരുകളിൽ നിറഞ്ഞുനിൽക്കുന്നത് വാസ്‌കോഡിഗാമ മുതൽ കഴിഞ്ഞ മാസം വിട ചൊല്ലിയ നാടക-ചലച്ചിത്രനടി ശാരദ വരെയാണ്. യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിനൊപ്പം കച്ചവടക്കാർക്കുള്ള നാല് കിയോസ്കകളും മറ്റും സ്ഥാപിച്ച് ചെറിയ വാണിജ്യകേന്ദ്രമായാണ് സബ് വേ ഒരുക്കിയിരിക്കുന്നത്. കിഴക്ക്, തെക്ക് ഭാഗത്തുള്ള കവാടത്തിൽ ലാൻഡ് സ്കേപ്പിംഗും ഒരുക്കിയിട്ടുണ്ട്. പതിവായി വെള്ളം കയറി ചെളിപിടിച്ച ടൈലുകൾ മുഴുവൻ മാറ്റി. എല്ലായിടത്തും ലൈറ്റുകളായി. സമീപത്തെ ഓവുചാലിൽ വെള്ളം നിറഞ്ഞ് സബ്‌ വേയുടെ അകത്തേക്ക് വെള്ളം കയറുന്ന പ്രശ്നം ഒഴിവാക്കാൻ ശാസ്ത്രീയ ഡ്രെയ്‌നേജ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കവാടത്തിലെ പഴയ ഇരുമ്പ് വാതിലും ഗ്രില്ലും നന്നാക്കി. കാമറകളും സ്ഥാപിച്ചു.

പ്രാദേശിക കലാകാരന്മാർക്ക് തങ്ങളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ ഇടം ഉറപ്പാക്കുന്ന ആർട്ട് ഗാലറി കൂടിയുണ്ട് സബ്‌ വേയിൽ. ചിത്രങ്ങൾ കൂടാതെ കയറിലും കമ്പികളിലുമൊക്കെയായി പലതരം ഇൻസ്റ്റലേഷനും നടത്തിയിട്ടുണ്ട്. 10 കൊല്ലത്തേക്ക് സബ് വേ പരിപാലിക്കാൻ "മാക്സോൾ ആഡ് സൊല്യൂഷൻസ്' എന്ന കമ്പനിക്കാണ് കോർപറേഷൻ കരാർ നൽകിയിരിക്കുന്നത്. ജംഗ്ഷനിൽ നാല് കവാടത്തിലും പരസ്യംവെക്കാനുള്ള അവകാശം കരാറുകാർക്ക് കിട്ടും. സുരക്ഷ ജീവനക്കാരെയും കമ്പനി നിയോഗിക്കും. മാസം നിശ്ചിത സംഖ്യ പരസ്യം വെക്കുന്നതിന് കോർപ്പറേഷന് നൽകണം.

പാളയം ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കാൻ 1979-80 ൽ നിർമ്മിച്ച സബ്‌ വേ നഗരത്തിലെ മുഖ്യ ആകർഷണകേന്ദ്രങ്ങളിലൊന്നായിരുന്നു. പിന്നീട് സബ്‌ വേ സമൂഹവിരുദ്ധരുടെ താവളമായതോടെ ആളുകൾ ഉപയോഗിക്കാൻ മടിച്ചു. സബ്‌വേ മാലിന്യനിക്ഷേപ കേന്ദ്രം കൂടിയായതോടെ അടച്ചുപൂട്ടലായിരുന്നു ഏകവഴി. 2014 ൽ വീണ്ടും തുറന്നെങ്കിലും പിന്നെയും അടഞ്ഞു കിടക്കാനായിരുന്നു സബ്‌വേയുടെ വിധി. ഒടുവിൽ 'നമ്മുടെ കോഴിക്കോട് ' വന്നതോടെയാണ് സബ്‌വേയ്ക്ക് ജീവൻ വയ്ക്കുന്നത്‌.

@ വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ്: മന്ത്രി മുഹമ്മദ് റിയാസ്

വലിയങ്ങാടിയിൽ ഫുഡ്‌ സ്ട്രീറ്റ്‌ ആരംഭിക്കുന്നതിനുള്ള നടപടി അടുത്തമാസം ആരംഭിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. നവീകരിച്ച പാളയം സബ് വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ ബീന ഫിലിപ്പ്‌ അദ്ധ്യക്ഷത വഹിച്ചു. സബ്‌വേയിൽ ചിത്രം വരച്ച കലാകാരൻമാർക്ക്‌ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉപഹാരം നൽകി. എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോർപ്പറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ഷിജിന, പി.ദിവാകരൻ, ഡോ.എസ്‌ . ജയശ്രീ, പി.സി.രാജൻ, കൃഷ്ണകുമാരി, പി.കെ.നാസർ, സി.രേഖ, കൗൺസിലർമാരായ കെ.സി ശോഭിത, കെ.മൊയ്തീൻകോയ, നവ്യ ഹരിദാസ്‌ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്‌ സ്വാഗതവും എസ്‌.എസ്‌.സജി നന്ദിയും പറഞ്ഞു.