kanolikanal
മാലിന്യം നിറഞ്ഞ കനോലി കനാൽ

കോഴിക്കോട്: ലോക്ക്ഡൗണിൽ തെളിഞ്ഞൊഴുകിയ കനോലി വീണ്ടും അഴുക്കുതൊട്ടിയായി. ലക്ഷങ്ങൾ ചെലവഴിച്ച് ശുചീകരിച്ച കനാലിൽ ഇപ്പോൾ മാലിന്യങ്ങൾ അടിഞ്ഞു കൂടുകയാണ്. സരോവരം ബയോപാർക്ക്, എരഞ്ഞിപ്പാലം, കാരപ്പറമ്പ് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന കനാൽ പായലും മാലിന്യങ്ങളും നിറഞ്ഞതോടെ ഒഴുക്ക് തീർത്തും തടസപ്പെട്ടിരിക്കുകയാണ്. പ്ലാസ്റ്രിക് കുപ്പികളടക്കം വലിച്ചെറിയുന്ന കേന്ദ്രമായി കനാൽ മാറി. കുളവാഴയടക്കമുള്ള ജലസസ്യങ്ങൾ വളർന്നതോടെ അവയ്ക്കിടയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുരുക്കി കിടക്കുകയാണ്. ​ചി​ല​യി​ട​ങ്ങ​ളി​ൽ ക​നാ​ലി​നോ​ട്​ ചേ​ർ​ന്ന് പ്രവർത്തിക്കുന്ന ഇ​റ​ച്ചി​ക്ക​ട​ക​ളിൽ നിന്നുള്ള മാലിന്യങ്ങളും കനാലിലേക്ക് തള്ളുന്നുണ്ട്. ക​നാ​ലിന്റെ ഓര​ത്തെ കാ​ടു​വെ​ട്ടാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ക​ള നീ​ക്കം ​തുടങ്ങിയിട്ടില്ല.

നാല് മാസം മുമ്പാണ് ചെറിയ ഹിറ്റാച്ചികൾ ഉപയോഗിച്ച് ഇവിടങ്ങളിൽ ശുചിയാക്കിയത്. എന്നാൽ രാത്രിയിൽ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരാണ് കനാലിന് ശാപമായി മാറുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ശുചീകരണം നിലച്ചതും മഴ പെയ്തതും കനാൽ പഴയ അവസ്ഥയിലേക്കെത്താൻ കാരണമായിട്ടുണ്ട്. കല്ലായി മുതൽ കോരപ്പുഴ വരെ ഒഴുകുന്ന ഈ കനാലിൽ പലയിടങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ തള്ളുന്നത്.

അ​ടി​വേ​ര്​ വ​രെ പറിച്ചെടുക്കുന്ന യ​ന്ത്ര​മു​പ​യോ​ഗി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷം ​ശാ​സ്​​​​ത്രീ​യ​മാ​യ രീ​തി​യി​ൽ പാ​യ​ലും ക​ള​യും നീ​ക്കം ചെയ്ത ഇടങ്ങളിൽ വീ​ണ്ടും മു​ള​ച്ചു​പൊ​ന്തി​യി​ട്ടി​ല്ല. എന്നാൽ മറ്റിടങ്ങളിൽ കള വളർന്നുനിൽക്കുകയാണ്.

നിരവധി തവണ കനാൽ വൃത്തിയാക്കിയിട്ടുണ്ടെങ്കിലും മാസംതോറും ശുചീകരണം നടത്തിയാൽ മാത്രമെ കനാലിനെ രക്ഷിക്കാൻ കഴിയൂവെന്നാണ് നാട്ടുകാർ പറയുന്നത്. ലോ​ക്ക്​​ഡൗ​ൺ കാ​ല​ത്ത്​ മാ​ലി​ന്യം കു​റ​വായതിനാൽ ക​നാ​ലി​ലെ വെ​ള്ളം തെ​ളി​നീ​രാ​യി മാ​റി​യി​രു​ന്നു. ​വെ​ള്ള​ത്തി​ന്റെ പി.​എ​ച്ച്​ മൂ​ല്യ​വും ഓ​ക്​​സി​ജ​ൻ അളവും കൂടിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ ഇളവോടെ മാലിന്യം കനോലിയിലേക്കെത്തുന്നത് കൂടിയിരിക്കുകയാണ്.