
കോഴിക്കോട്: വെസ്റ്റ്ഹിൽ ഭട്ട് റോഡ് ബീച്ചിന് സമീപം മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ മുങ്ങിമരിച്ചു. തുമ്പിരുമ്പ് പറമ്പിൽ ശോഭിനാഥിന്റെ മകൻ എസ്.എൻ സായൂജ് (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനിറങ്ങിയ സായൂജ് മുങ്ങിത്താഴുന്നത് കണ്ട പരിസരവാസി കടലിലിറങ്ങിയെങ്കിലും സായൂജിനടുത്തെത്താനായില്ല. നിലവിളി കേട്ടെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കോസ്റ്റൽ പൊലീസും ബീച്ച് ഫയർഫോഴ്സും തിരച്ചിൽ നടത്തി. മന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥലത്തെത്തി നേവിയുടെ സഹായം തേടിയതിനെ തുടർന്ന് നേവിയും പരിശോധന നടത്തി. പുതിയാപ്പയിൽ നിന്ന് മത്സ്യതൊഴിലാളികളുടെ ബോട്ടുകളും യുവാവിന് വേണ്ടി കടലിലിറങ്ങി. തിരച്ചിലിനൊടുവിൽ വൈകീട്ട് നാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. നീന്തൽ അറിയുന്നയാളാണ് സായൂജ്. ഷൈമയാണ് അമ്മ. സഹോദരി സജയ. മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എം.കെ.രാഘവൻ എം.പി എന്നിവർ സ്ഥലത്തെത്തി. കൗൺസിലർ എം.കെ.മഹേഷ്, അഡീഷണൽ തഹസിൽദാർ അനിതകുമാരി, പുതിയങ്ങാടി വില്ലേജ് ഓഫീസർ അജയകുമാർ തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നൽകി.