thodu

വടകര: അഴിയൂരിലെ ജലസ്രോതസുകളെ സംരക്ഷിക്കുന്നതിനായി ആരംഭിക്കുന്ന തോട് സഭകൾക്ക് തുടക്കമായി. 10,11 വാർഡുകൾ സംയുക്തമായി മുക്കാളി കണ്ണോത്ത് കോമത്ത് താഴെ തോട് പരിസരത്ത് സംഘടിപ്പിച്ച തോട് സഭ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഉസ്താദ് വൈദ്യർ ഹംസ മടിക്കൈ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.

ചോമ്പാൽ സർക്കിൾ ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാർ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, വാർഡ് മെമ്പർമാരായ റീനാ രയരോത്ത്, സാവിത്രി ടീച്ചർ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി. ഷംന എന്നിവർ സംസാരിച്ചു. മെമ്പർമാരായ കെ ലീല,പി.കെ പ്രീത, കെ.കെ ജയചന്ദ്രൻ പ്രമോദ് മാട്ടാണ്ടി, വില്ലേജ് അസിസ്റ്റന്റ് കെ അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു. കണ്ണൻ കൈത്തോട് പുഴയിലേക്ക് പോകുന്ന ഭാഗത്ത് വീതി കൂട്ടി സംരക്ഷിക്കുന്നതിന് കെ.എൽ.ഡി.സിക്ക് പ്രൊപ്പോസൽ നൽകുവാൻ തീരുമാനിച്ചു. തുടർന്ന് കോമത്ത് താഴെ തോട്, കണൻ കൈത്തോട് എന്നീ സ്ഥലങ്ങളിൽ ഫീൽഡ് പരിശോധന നടത്തി.

ഫീൽഡ് പരിശോധനയിൽ മുക്കാളി കാപ്പിലെ തോട്ടിൽ നിന്ന് മാലിന്യം നീക്കംചെയ്യുന്നതിന് ഫണ്ട് അനുവദിക്കാനും, മുക്കാളിയിൽ തോടിന് മുകളിലുള്ള സ്ലാബ് നീക്കം ചെയ്തു മാലിന്യം നീക്കം ചെയ്യുവാനും മുക്കാളിയിലെ ഡ്രൈനേജ് സംവിധാനത്തിന് ഫണ്ട് കണ്ടെത്തുവാനും തീരുമാനിച്ചു. കോമത്ത് താഴെ തോടിന് 7 ലക്ഷം രൂപ വകയിരുത്തി തോട് നവീകരണം ഉടൻ നടത്തും.

ഈ മാസം 25ന് മുമ്പ് തോടുകളിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും കനിവ് റെസിഡൻസ് അസോസിയേഷൻ, യൂണിറ്റി റെസിഡൻസി എന്നിവരുടെ സഹായത്തോടെ ഹരിത കർമ്മ സേന അംഗങ്ങൾ നീക്കം ചെയ്യും.

തോട് സഭയിൽ പങ്കെടുത്തവർക്ക് വ്യക്തിഗത ഫോറവും തോടിനു സമീപത്തുള്ള വീട്ടുകാർക്ക് വിവരശേഖരണ ഫോറവും നൽകി. തോട് സഭയിൽ ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് പി പി ശ്രീധരൻ, കെ പ്രശാന്ത്, പി പി ജിസിൽ റാം ആശാവർക്കർ പാമ്പള്ളി അനിത, പി കെ പ്രകാശൻ, രഞ്ജിവ്‌ കുറുപ്പ്, ഹരിതകർമ്മസേന ലീഡർ എ ഷിനി, കെ സന്ദീഷ്,കെ കെ സുഭാഷ് ബാബു, കെ പി ജയകുമാർ പി കെ രാമചന്ദ്രൻ,ബാബു ,സന്തോഷ് ഷോബിൻ ,മുരളി മാസ്റ്റർ ,എൻ പി മഹേഷ് ബാബു എന്നിവർ നേതൃത്വം നൽകി.