കുറ്റ്യാടി: മലബാറിലെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളുടെ ഐതിഹ്യ പെരുമ വിളിച്ചോതിയ ഭക്തിഗാന രചനയ്ക്ക് രാജൻ വടയത്തിന് കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരം. കൊവിഡ് കാലത്ത് സംഗീത കലാകാരന്മാർക്ക് അക്കാഡമി ഏർപ്പെടുത്തിയ ഗാനരചനാ മത്സരത്തിലാണ് രാജനെ തിരഞ്ഞെടുത്തത്. രാജൻ വടയം എഴുതിയ "മലയാള പെരുമയിൽ തുയിലുണർത്തി..... " എന്ന ഗാനമാണ് അംഗീകാരത്തിന് അർഹമായത്. കടത്തനാട് പ്രദേശത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള ക്ഷേത്രങ്ങളുടെ കഥകൾ തുടിക്കുന്ന ഗാനങ്ങൾ, കുറ്റ്യാടിയുടെ ചരിത്രമായ പഴശ്ശി കോവിലക നിർമ്മാണവുമായി ബന്ധപ്പെട്ട് പഴമക്കാർ പറഞ്ഞു വന്നിരുന്ന '' കുഞ്ഞനന്തന്റെ ചിന്നം വിളി " സംഗീത ശിൽപ്പം എന്നിവ കോഴിക്കോട് ആകാശവാണി പലതവണ സംപ്രേഷണം ചെയ്തിട്ടുണ്ട്. കഥ, കവിത, നാടകം എന്നിവയും രാജൻ വടയത്തിന്റെ തൂലികയിലൂടെ പിറവിയെടുത്തിട്ടുണ്ട്.