cake
കോഴിക്കോട് മാവൂർ റോഡിലെ ഒരു കടയിൽ ക്രിസ്മസ് കേക്കുകൾ നിരത്തി വയ്ക്കുന്ന ജീവനക്കാരൻ

കോഴിക്കോട്: രുചിയൂറും കേക്കില്ലാതെ ക്രിസ്മസ് ആഘോഷം എങ്ങനെ പൂർണമാകും. ഉണ്ണിയേശുവിന്റെ തിരുപിറവി ദിനം അടുക്കുന്തോറും ബേക്കറികളും കേക്ക് നിർമ്മാണ യൂണിറ്റുകളും വീട്ടമ്മമാരുമെല്ലാം കേക്ക് ഒരുക്കുന്ന തിരക്കിലാണ്. കൊവിഡിൽ മണം ചോർന്നുപോയ ഇന്നലകളെ മറന്ന് കേക്കിന്റെ രുചി തേടി ആളുകൾ എത്തിത്തുടങ്ങിയതോടെ വ്യാപാരികളും പ്രതീക്ഷയിലാണ്.

മുന്തിരിയും അണ്ടിപ്പരിപ്പും 'ചിരിച്ചു' നിൽക്കുന്ന പ്ലം കേക്കുകളാണ് വിപണിയിലെ താരം. വ്യത്യസ്തരുചിയും മണവുമുളള പ്ലം കേക്കുകൾ ബേക്കറികളിൽ ലഭ്യമാണ്. ഓർഡിനറി പ്ലം കേക്കുകൾ 100 രൂപ മുതൽ ലഭ്യമാണ്. റിച്ചാണെങ്കിൽ 200 മുതൽ 600 വരെ വില നൽകണം. 300 ഗ്രാം, 500 ഗ്രാം, ഒരു കിലോ എന്നീ തൂക്കങ്ങളിലുള്ള കേക്കുകളാണ് വിപണിയിലുള്ളത്. ബ്രാൻഡുകൾക്കനുസരിച്ച് വിലയും മാറും.

വീടുകളിലും റിച്ച് പ്ളം കേക്കുകൾ ഉണ്ടാക്കുന്നവർ ഇത്തവണ കൂടുതലാണ്. പ്ലം കേക്കുകൾക്ക് പുറമെ ഫ്രഷ് ഫ്രൂട്ട് കേക്കുകൾ,​ കാരറ്റ് കേക്കുകൾ,​ കാരറ്റ് പുഡ്ഡിംഗ് കേക്കുകൾ, പൈനാപ്പിൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. കിലോയ്ക്ക് 250രൂപ മുതൽ 900വരെ വരും വില. പ്രമേഹരോഗികൾക്കായി ‘ഷുഗർ ഫ്രീ’ കേക്കുകളും ഇത്തവണ വിപണിയിൽ എത്തിയിട്ടുണ്ട്.

ക്രിസ്മസ് സമ്മാനമായി നൽകാനാണ് കൂടുതൽ പേരും പ്ലം കേക്കുകൾക്കെത്തുന്നത്. അതേസമയം സ്കൂളുകളിലും കോളേജുകളിലും ക്രിസ്മസ് ആഘോഷങ്ങൾക്കായി റെഡ് വെൽവെറ്റ്, വൈറ്റ് ചോക്ലേറ്റ്, ബ്ലൂബെറി, മാംഗോ ഡിലൈറ്റ്, പൈനാപ്പിൾ ഡിലൈറ്റ്, ചോക്ക്ലേറ്റ് കേക്ക് എന്നീ ക്രീം കേക്കുകൾ ചോദിച്ചാണെത്തുന്നത്. 400 മുതൽ 3000 വരെയാകും ഇവയുടെ വില. 400 രൂപയിൽ തുടങ്ങുന്ന ഐസിംഗ് കേക്കുകളും സുലഭമാണ്.

ബ്രാൻഡഡ് കമ്പനികൾ തകർപ്പൻ പരസ്യം നൽകി സൂപ്പർമാർക്കറ്റുകളിലും മറ്റും കേക്ക് വിപണി പിടിച്ചടക്കാൻ ശ്രമിക്കുമ്പോൾ ആവശ്യാനുസരണം വലുപ്പത്തിലും നിറത്തിലും തൂക്കത്തിലും വ്യത്യസ്തമായ കേക്കുകൾ നിർമ്മിച്ചുനൽകാൻ ചെറുകിട യൂണിറ്റുകളും വീട്ടമ്മമാരും രംഗത്തുണ്ട്. ലോക്ക്ഡൗൺ കാലത്ത് നിരവധി പേരാണ് സ്വയംതൊഴിലായി വീടുകളിൽ കേക്ക് നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയത്. ചിലർ വിനോദത്തിന് തുടങ്ങി സ്വയംതൊഴിലായി വളർത്തിയവരുമുണ്ട്. കേക്ക് നിർമ്മാണം വ്യാപകമായതോടെ അച്ചും അസംസ്കൃത സാധനങ്ങളും വിൽക്കുന്ന കടകളിലും വലിയ തിരക്കാണ്. നാട് കൊവിഡ് നിഴലിലാണെങ്കിലും രോഗത്തെ മറന്ന് ആളുകൾ ആഘോഷിക്കാൻ ഉറച്ചതോടെ രുചിക്കൂട്ടൊരുക്കാൻ കേക്ക് നിർമ്മാതാക്കളും മത്സരിക്കുകയാണ്. പുതുവത്സരാഘോഷം വരെ കേക്ക് വിപണി സജീവമാക്കി നിർത്താനുള്ള തയ്യാറെടുപ്പിലാണ് ഇവർ.