science
ജില്ലാ പഞ്ചായത്ത് എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി പ്ലാനറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശാസ്ത്ര വഴി' സംവാദത്തിൽ കുട്ടികളുമായി ശാസ്ത്രജ്ഞനും തിരുവനന്തപുരം ഐസറിലെ ശാസ്ത്ര അദ്ധ്യാപകനുമായ കാന എം.സുരേശൻ സംവദിക്കുന്നു .

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി പ്ലാനറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശാസ്ത്ര വഴി' ശാസ്ത്ര സംവാദം കുട്ടികൾക്ക് പുത്തനുണർവായി. ശാസ്ത്രജ്ഞനും തിരുവനന്തപുരം ഐസറിലെ ശാസ്ത്ര അദ്ധ്യാപകനുമായ കാന എം.സുരേശനാണ് കുട്ടികളുമായി ശാസ്ത്ര വർത്തമാനത്തിനെത്തിയത്. രസതന്ത്രത്തിന്റെ മാസ്മരികലോകം പരിചയപ്പെടുത്തിയ സംവാദത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 120 കുട്ടികൾ പങ്കാളികളായി. ബുദ്ധിശക്തി എല്ലാവരിലും ഒരുപോലെയല്ലെന്ന് തെളിയിക്കുന്ന പരീക്ഷണം വിദ്യാർഥികൾ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ശാസ്ത്രത്തിന്റെ ഉത്ഭവം, പുരോഗതി, ശാഖകൾ എന്നിങ്ങനെ അടിസ്ഥാന വിവരങ്ങളിലൂന്നിയാണ് ശാസ്ത്ര വർത്തമാനം മുന്നോട്ടുപോയത്. കുട്ടികൾ അവരുടെ കാഴ്ചപ്പാടുകളും സംശയങ്ങളും പങ്കുവെച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്ലാനറ്റേറിയം ഡയറക്ടർ ബിനോയ്‌കുമാർ ദുബെ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗംഅഡ്വ.പി.ഗവാസ് ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തി. എൻ.എം.വിമല, നാസർ എസ്റ്റേറ്റ് മുക്ക്, റംസീന നരിക്കുനി, ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ.കുട്ടി എന്നിവർ സംസാരിച്ചു. എഡ്യൂകെയർ കോ ഓഡിനേറ്റർ യു.കെ. അബ്ദുന്നാസർ നന്ദി പറഞ്ഞു.