bepore
ബേപ്പൂർ വാട്ടർ ഫെസ്റ്റിനു മുന്നോടിയായി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെറുവണ്ണൂരിൽ ചുരുളൻ വള്ളം നീറ്റിലിറക്കിയപ്പോൾ

കോഴിക്കോട്: മലബാറിന്റെ ജലമേളയായി മാറ്റാൻ ലക്ഷ്യമിടുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിന് ആവേശമേറ്റാൻ ചുരുളൻ വള്ളവുമുണ്ടാവും.

പാമ്പുവള്ളം എന്ന പേരിലും കൂടി അറിയപ്പെടുന്ന ചുരുളൻ വള്ളം വടക്കൻകേരളത്തിൽ ആദ്യമായാണ് നിർമ്മിക്കുന്നത്. ഉരു നിർമ്മാണത്തിന് കേൾവികേട്ട ബേപ്പൂരിന്റെ തീരപ്രദേശമായ ചെറുവണ്ണൂരിൽ ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സ് തീർത്തതാണ് പുത്തൻ ചുരുളൻ വള്ളം. ഡിസംബർ 26 ന് ആരംഭിക്കുന്ന വാട്ടർ ഫെസ്റ്റിൽ ഇത് മുഖ്യആകർഷണങ്ങളിലൊന്നാവും.

ചുരുളൻവള്ളത്തിന്റെ ഔദ്യോഗിക നീറ്റിലിറക്കൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചാലിയാറിൽ നിർവഹിച്ചു.
വിഖ്യാത നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃക പിൻപറ്റി മലബാർ ഭാഗത്തും ജലമേള രൂപപ്പെടുത്താനാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇവിടെ സാദ്ധ്യതകളേറെയാണ്. ആ ദിശയിൽ പുതിയ തുടക്കമിടുകയാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റിലൂടെ. വള്ളം കളിയും അതിന്റെ ഭാഗമാകേണ്ടതുണ്ട്. ജില്ലാ കളക്ടർ തേജ് ലോഹത് റെഡ്ഡിയും ചടങ്ങിൽ സംബന്ധിച്ചു.
ചുരുളൻ വള്ളത്തിൽ ഒരു അമരത്തുഴക്കാനും ഒരു അണിയത്തുഴക്കാരനുമടക്കം 26 തുഴക്കാരുണ്ടാവും. തുഴച്ചിൽ നയിക്കാൻ വള്ളത്തിന്റെ മദ്ധ്യത്തിലൊരാളും. ചാലിയാറിന്റെ ഓളപ്പരപ്പിൽ താളത്തിനൊത്ത് വള്ളത്തിൽ നിന്നു തുഴകൾ വീഴും.

വാട്ടർ സ്‌പോർട്ട്‌സ് കയാക്കിംഗ്, സ്റ്റാൻഡ് അപ്പ് പാഡലിംഗ് റേസ്, സെയ്‌ലിംഗ് റേസ് എന്നിവയ്ക്കു പുറമെ മറ്റു വൈവിദ്ധ്യമാർന്ന ജലകായിക വിനോദങ്ങളും ജെല്ലി ഫിഷ് ഒരുക്കുന്നുണ്ട്


 ഒറ്റയ്‌ക്കൊരു വള്ളം തീർത്ത്

മോഹൻദാസ്
സാധാരണ ഒരു കൂട്ടം തൊഴിലാളികൾ ഒന്നിച്ചുചേർന്നാണ് വള്ളങ്ങൾ നിർമ്മിക്കുക പതിവ്. എന്നാൽ ഇവിടെ കടലുണ്ടി സ്വദേശി പി.ബി.മോഹൻദാസ് ഒറ്റയ്ക്കാണ് ആഞ്ഞിലിത്തടിയിൽ ചുരുളൻ വള്ളം തീർത്തത്. അതാകട്ടെ വെറും മൂന്നു മാസംകൊണ്ട്. ഇത് ലോക റെക്കോർഡായിരിക്കുമെന്ന് ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്ട്സ് മാനേജിംഗ് ഡയറക്ടർ റിൻസി ഇക്ബാൽ പറഞ്ഞു. വള്ളം ബലപ്പെടുത്തിയത് എണ്ണ, തവിട്, കുന്തിരിക്കം എന്നിവ ചേർത്താണ്. ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്ട്സിനായി ഒരു ചുരുളൻ വള്ളം കൂടി മോഹൻദാസ് പണിയുന്നുണ്ട്. പുതുമുറക്കാർക്ക് പരമ്പരാഗത വള്ളം നിർമ്മാണം പഠിക്കാനും ജെല്ലി ഫിഷ് അവസരങ്ങൾ ഒരുക്കും.