മാനന്തവാടി: മന്ത്രിമാരെ വഴിതടയേണ്ടി വരും: യു.ഡി.എഫ്
മാനന്തവാടി: ഇരുപത് ദിവസമായി ഒരു നാടാകെ കടുവ ഭീതിയിലായിട്ടും തിരിഞ്ഞ് നോക്കാത്ത സംസ്ഥാന മന്ത്രിമാർ കടുവയെ പിടികൂടുന്നതിന് മുമ്പ് വയനാട്ടിലെത്തിയാൽ
വഴിയിൽ തടയേണ്ടി വരുമെന്ന് ടി.സിദ്ദീഖ് എം.എൽ.എ കടുവയെ ആക്രമണം തുടരുന്ന പ്രദേശങ്ങളിൽ ജനങ്ങളുടെ ഭീതിയകറ്റാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് മാനന്തവാടി ഗാന്ധിപാർക്കിൽ ആരംഭിച്ച റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നത്തെ സർക്കാർ ഗൗരവമായി കാണാത്തതാണ് കടുവ ശല്യം രൂക്ഷമാക്കിയതെന്ന് എം.എൽ.എ പറഞ്ഞു. പയ്യമ്പള്ളി പ്രദേശം യു.ഡി.എഫിന് മേൽക്കൈ ഉള്ളതുകൊണ്ടാണ് സ്ഥലം എം.എൽ എ.യും മന്ത്രിമാരും ജനങ്ങളെ അവഗണിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു.
ആദ്യ ദിവസം യു.ഡി.എഫ് ജില്ലാകൺവീനറും, ഡിസിസി പ്രസിഡന്റുമായ എൻ.ഡി.അപ്പച്ചൻ രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് വരെ നിരാഹാര സത്യാഗ്രഹം നടത്തി. എൻ കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, കെ.എൽ.പൗലോസ്, എ.പ്രഭാകരൻ, കേരള കോൺഗ്രസ് (ജേക്കബ്ബ്) വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം കെ.എ.ആന്റണി, മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവല്ലി, വൈസ് ചെയർമാൻ പി.വി.എസ്.മൂസ്സ, എം. അബ്ദുറഹ്മാൻ, ജോസ് തലച്ചിറ, വി.പി. വർക്കി, കടവത്ത് മുഹമ്മദ്, പി.വി.നാരായണവാര്യർ, ചിന്നമ്മ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.