കോഴിക്കോട്: പുത്തൻസാങ്കേതികവിദ്യയുടെ പിൻബലത്തോടെ പഠനവഴിയിൽ പുത്തനുണർവ് പകർന്ന് മെഡിക്കൽ കോളേജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ. അത്യാധുനിക സംവിധാനങ്ങളുമായി ഇവിടെ ഒരുക്കിയ വെർച്വൽ മ്യൂസിയത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു. 'ഇലൂസിയ മൈ ക്ലാസ് ' ആപ്പ് ലോഞ്ചിംഗും 'കിളിപ്പേച്ച് ' കുട്ടികളുടെ കവിതാസമാഹാരം പ്രകാശനവും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വെർച്വൽ റിയാലിറ്റി ലാബ് പദ്ധതി റിപ്പോർട്ട് പി.ടി.എ പ്രസിഡന്റ് സി.എം.ജംഷീർ അവതരിപ്പിച്ചു.
മുൻ എം.എൽ.എ എ.പ്രദീപ് കുമാർ സമഗ്ര കായിക പ്രോജക്ട് പ്രഖ്യാപനം നിർവഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.രാജേന്ദ്രൻ പ്രോജക്ട് ഏറ്റുവാങ്ങി.
ആധുനിക ശാസ്ത്ര - സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറുകയാണ് കാമ്പസ് സ്‌കൂൾ. വെർച്വൽ റിയാലിറ്റി രീതികൾ പഠനപ്രവർത്തനങ്ങളുമായി സമന്വയിപ്പിക്കുന്നതിൽ മാതൃക തീർത്ത ഈ വിദ്യാലയത്തിന് പ്രിസം വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
അടുത്തുകാണാം, അറിയാം
സൂര്യചന്ദ്രന്മാരെ...ചൊവ്വയെ
കൗതുകത്തേക്കാളുപരി വിസ്‌മയക്കാഴ്ചകളാണ് വെർച്വൽ മ്യൂസിയത്തിൽ കയറുന്നതോടെ കാണാനാവുക. സൂര്യനും ചന്ദ്രനും ചൊവ്വയും മാത്രമല്ല, പി.എസ്.എൽ.വി, അപ്പോളോ 11 തുടങ്ങിയവയൊക്കെ യഥാർത്ഥ രൂപങ്ങളായി ഇവിടെ പ്രത്യക്ഷപ്പെടുകയാണ്. പ്രപഞ്ചത്തിലെ ജീവജാലങ്ങളെ അടുത്തുനിന്നു കാണാനും കഴിയും. ഓരോന്നിനെക്കുറിച്ചും വിശദമായി പറഞ്ഞു തരാൻ ഡിജിറ്റൽ ക്യൂറേറ്ററുമുണ്ട് മ്യൂസിയത്തിൽ.
കുട്ടികളുമായി സംവദിക്കുന്ന ഡിജിറ്റൽ പാഠപുസ്തകങ്ങളാണ് ഇവിടത്തെ മറ്റൊരു സവിശേഷത. പാഠപുസ്തകത്തിലെ നിശ്ചലചിത്രങ്ങൾ മൊബൈൽ ഫോൺ ആപ്പിലൂടെ ത്രിമാനരൂപങ്ങളായി മുന്നിലേക്കെത്തും. ഒപ്പം ഓരോന്നിന്റെയും വിശദീകരണവും.
ഓഗമെന്റഡ് റിയാലിറ്റിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് പുസ്തകങ്ങളെ ഇതുപോലെ ഇന്ററാക്ടീവാക്കുന്നത്. പരീക്ഷണങ്ങൾ വെർച്വലായി ചെയ്യാവുന്ന ശാസ്ത്ര ലാബും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡന്റ് സി.എം ജംഷീർ, പ്രധാനാദ്ധ്യാപകൻ ഡോ.എൻ.പ്രമോദ് എന്നിവർ പറഞ്ഞു.