കൽപ്പറ്റ: രാഹുൽഗാന്ധി എം.പി 22, 23 തിയ്യതികളിൽ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. 22ന് രാവിലെ 11.15ന് പുതുപ്പാടി ലിസ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മുൻ തിരുവമ്പാടി എം.എൽ.എ സി.മോയിൻകുട്ടി അനുസ്മരണ സമ്മേളനമാണ് മണ്ഡലത്തിലെ എം പിയുടെ ആദ്യപരിപാടി. ഉച്ചയ്ക്ക് രണ്ട് മണിക്ക് വയനാട് കലക്ടറേറ്റിൽ നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് 3.40ന് ടി.സിദ്ദിഖ് എം.എൽ.എയുടെ കൽപ്പറ്റയിലെ ഓഫീസ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. 4.40ന് പിഎംജിഎസ്വൈ സ്‌കീമിൽ ഉൾപ്പെടുത്തി പ്രാവർത്തികമാക്കിയ പൊഴുതന പഞ്ചായത്തിലെ അച്ചൂർ (അത്തിമൂല) ചാത്തോത്ത് റോഡ് ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ 11.15ന് പുൽപ്പള്ളി ആടിക്കൊല്ലിയിലെ ലൈബ്രറി കെട്ടിടമായ വിനോദ് യുവജന സമുച്ചയം ഉദ്ഘാടനം ചെയ്യും. 12.15ന് മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലരയ്ക്ക് താമരശ്ശേരി ബിഷപ്പ് ഹൗസിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കും. വൈകിട്ട് 5.45ന് മുക്കം അഗസ്ത്യമുഴി സെന്റ് ജോസഫ് ആശുപത്രിയിൽ 'അജീവിക' പദ്ധതി പ്രകാരമുള്ള നഴ്സിംഗ് അസിസ്റ്റന്റ്സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുത്ത ശേഷം അദ്ദേഹം മടങ്ങും.