മുക്കം: കിലോമീറ്ററിന് നാലു കോടി രൂപ വീതം ചിലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിൽ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ അഗസ്ത്യൻമുഴി പാലത്തിന് പ്രതീക്ഷ വേണ്ടത്രേ. അങ്ങാടിയുടെ കിഴക്കെ അറ്റത്ത് അഗ്നി രക്ഷാ നിലയത്തിനടുത്ത് അഗസ്ത്യൻമുഴി - മുക്കം റോഡിൽ ഒരു തോടിനു മുകളിലുള്ള ചെറിയൊരു പാലമാണ് അഗസ്ത്യൻമുഴി പാലം. സംസ്ഥാന പാതയിൽ ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെയുള്ള റീച്ചിൽ ഉൾപ്പെടുന്ന ഈ പാലത്തിന് 50 വർഷത്തോളം പഴക്കമുണ്ട്. പാലത്തിന്റെ അടി ഭാഗത്തെ സിമന്റ് പാളികൾ അടർന്നുവീണ് കമ്പികൾ പുറത്താവുകയും ദ്രവിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് ബീമും ദുർബലമാണ്. എന്നാൽ ഈ അപകടനില അധികൃതർ ആരും ഗൗനിക്കുന്നതായി കാണുന്നില്ല. അനവധി പാറ ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന മലയോരത്തു നിന്ന് ടൺ കണക്കിന് ഭാരം കയറ്റി നൂറു കണക്കിൽ ടിപ്പർ ലോറികളാണ് നിത്യേന ഈ പാലത്തിന്റെ മുകളിലൂടെ കടന്നു പോകുന്നത്. ബസുകളടക്കമുള്ള മറ്റു വാഹനങ്ങൾ വേറെയും.
പാലത്തിനു ഭീഷണിയായി അടുത്തു തന്നെ ഒരു കൂറ്റൻ ചീനി മരവുമുണ്ട്. ഈ മരം കടപുഴകി വീണാൽ തന്നെ പാലം നിശ്ശേഷം തകരും. 15 മീറ്റർ മാത്രം നീളമുള്ള പാലം പുതുക്കി പണിയൽ വലിയ പ്രയാസമുള്ള കാര്യമല്ല. ഇവിടെ നിന്ന് ഒരു കിലോമീറ്ററിനുള്ളിൽ ഇരുവഞ്ഞിപുഴയിൽ സ്ഥിതി ചെയ്യുന്ന മുക്കം പാലവും കാലപഴക്കം മൂലം അപകട ഭീഷണി നേരിടുന്നുണ്ട്. രണ്ടു പാലങ്ങളും പുതുക്കി പണിയണമെന്ന ആവശ്യം ഇതുവരെ ആരും ചെവികൊണ്ടിട്ടില്ല. 222 കോടി രൂപ മുടക്കി സംസ്ഥാനപാത നവീകരിക്കുമ്പോൾ അതിലുൾപ്പെടുന്ന പാലം മാത്രം തൊടാത്തത് എന്തെന്നാന്ന് നാട്ടുകാരുടെ ചോദ്യം. എരഞ്ഞിമാവ് മുതൽ മുക്കം വരെ 10 മീറ്റർ വീതിയിലും മുക്കം മുതൽ ഓമശ്ശേരി വരെ ഏഴ് മീറ്റർ വീതിയിലുമാണ് റോഡ് ടാർ ചെയ്യുന്നത്. അഗസ്ത്യൻ മുഴി പാലത്തിന്റെ ആകെ വീതി ഏഴു മീറ്ററിൽ താഴെയാണ്. ഈ നിലയിൽ റോഡ് നവീകരണം പൂർത്തിയാകുമ്പോൾ കാൽനടക്കാർക്ക് പോകാനാവാതെ വരും. റോഡിന് വീതി കൂട്ടുകയും പാലം ഇതേനില തുടരുകയും ചെയ്താൽ കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഇവിടം കടക്കാൻ വലിയ ബുദ്ധിമുട്ടാകും.