d

പേരാമ്പ്ര: ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരള സ്റ്റേറ്റ് ചീഫ് കമ്മീഷണർ ആയി ചുമതലയേറ്റ ബാലചന്ദ്രൻ പാറച്ചോട്ടിലിനെ പേരാമ്പ്ര സഹൃദയ വേദി ആദരിച്ചു. മുതിർന്ന പൗരനും രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാവുമായ എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര സഹൃദയ വേദി പ്രസിഡന്റ് എരവട്ടൂർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരൻ കെ.ടി.ബി. കൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി. എരവട്ടൂർ ബാലകൃഷ്ണൻ ത്രിവർണ്ണ ഖദർ ഷാൾ അണിയിച്ച് ബാലചന്ദ്രൻ പാറച്ചോട്ടിലിനെ ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അലങ്കാർ ഭാസ്‌കരൻ ഉപഹാരം നൽകി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി. ആലീസ് മാത്യു,വിനോദ് തിരുവോത്ത്, മലബാർ നായർ സേവ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വിജയ ലക്ഷ്മി നമ്പ്യാർ, സി.കെ. ബാലകൃഷ്ണന്‍, ടി.പി. അബ്ദുൾ ലത്തീഫ്, മഹിമ രാഘവൻ നായർ, പി.സി. ബാബു എന്നിവർ സംസാരിച്ചു. സഹൃദയ വേദി സെക്രട്ടറി എൻ.കെ. കുഞ്ഞി മുഹമ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.കെ. മുരളീധരൻ നന്ദിയും പറഞ്ഞു. ബാലചന്ദ്രൻ പാറച്ചോട്ടിൽ മറുപടി പ്രസംഗം നടത്തി.