പുൽപ്പള്ളി: കർഷകർ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങൾക്ക് വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രയാസത്തിലായി. ക്രിസ്മസ് കാലത്ത് വില ഇടിഞ്ഞതിനെത്തുടർന്ന് കർഷകർ നേരിട്ട് മത്സ്യവിൽപന ആരംഭിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഫിഷ് ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെ കീഴിലാണ് മത്സ്യവിൽപന.
കട്‌ല, രോഹു, ചെമ്പല്ലി, വാള തുടങ്ങിയ മത്സ്യങ്ങളെയാണ് കർഷകർ കൂടുതലായി ഉത്പാദിപ്പിക്കുന്നത്. വയനാട്ടിൽ കൂടുതലായി കർഷകർ മത്സ്യകൃഷിയിലേക്ക് തിരിഞ്ഞിട്ടുമുണ്ട്. പൊതുമാർക്കറ്റിൽ പുഴമത്സ്യങ്ങൾക്ക് ശരാശരി 250 രൂപ വരെ വില നൽകണം. എന്നാൽ കർഷകർ ഉത്പാദിപ്പിക്കുന്ന മീനിന് 150 മുതൽ 175 രൂപ വരെയാണ് വില ലഭിക്കുന്നത്. ഈ വില കൂലിചിലവ്, പരിപാലന ചിലവ് എന്നിവ കണക്കാക്കുമ്പോൾ നഷ്ടമാണെന്ന് കർഷകർ പറയുന്നു. ഈ സാഹചര്യത്തിലാണ് ന്യായമായ വിലയ്ക്ക് വിപണിയിലടക്കം മത്സ്യങ്ങളെ ജീവനോടെ എത്തിച്ച് വിൽപന നടത്തുന്നത്. കിലോയ്ക്ക് 180 രൂപ തോതിലാണ് വിൽപന. ക്രിസ്മസ്, ന്യൂഇയർ വരെ വിൽപന നടത്താനാണ് കർഷകരുടെ തീരുമാനം. മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് മത്സ്യ കർഷകർ പറയുന്നു.