സുൽത്താൻ ബത്തേരി: വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാൻ കാൽ നൂറ്റാണ്ട് മുമ്പ് തുടങ്ങിയ കൽമതിൽ നിർമ്മാണം ഇപ്പോഴും കല്ല് ഇറക്കിയേടത്ത് തന്നെ നിൽക്കുന്നു. വന്യമൃഗശല്യം രൂക്ഷമായ നൂൽപ്പുഴ പഞ്ചായത്തിലെ വള്ളുവാടിയിലാണ് ഇത്.
കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം വള്ളുവാടി മേഖലയിലെ കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. വനാതിർത്തിയോട് ചേർന്ന് അമ്പത് മീറ്റർ നീളത്തിൽ ആന പ്രതിരോധ കൽമതിൽ നിർമ്മിക്കാൻ 1995-ലാണ് 18 ലോഡ് കല്ലിറക്കിയത്. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നായിരുന്നു മതിൽ നിർമ്മിച്ച് വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിലിറങ്ങുന്നത് തടയാൻ തീരുമാനിച്ചത്.
കർഷകർ മതിൽ ഉയരുന്നതോടെ വന്യമൃഗങ്ങൾ ഇനി കൃഷിയിടത്തിൽ എത്തുകയില്ലെന്നും കാർഷിക നാണ്യവിളകൾ കൃഷിയിറക്കാം എന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് ഒരു ദിവസം മതിൽപണി പെട്ടെന്ന് നിർത്തി പണിക്കാർ സ്ഥലം വിട്ടത്. കാരണം അന്വേഷിച്ചപ്പോൾ വനം വകുപ്പ് വ്യക്തമായ മറുപടി നൽകിയതുമില്ല. അതിനിടെ ഇറക്കിയ കല്ല് അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതിനാൽ കല്ല് മാറ്റാനുള്ള നീക്കത്തിൽ നിന്ന് വനംവകുപ്പ് പിൻവാങ്ങുകയായിരുന്നു.
വന്യമൃഗ ശല്യം മുമ്പ് ഉണ്ടായിരുന്നതിനേക്കാളും ഇരട്ടിയായിരിക്കുകയാണ്. മതിൽ നിർമ്മിക്കാൻ ഇറക്കിയ കല്ല് ഇപ്പോഴും വനാതിർത്തിയിൽ കുന്നുകൂടി കിടക്കുകയാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം കർഷകർക്ക് ഒരു കൃഷിയും വിളവെടുക്കാനാകുന്നില്ല. വനാതിർത്തിയിൽ തൂക്ക് വേലി സ്ഥാപിച്ചിട്ടുണ്ടങ്കിലും വന്യമൃഗങ്ങളുടെ നാട്ടിലേക്കുള്ള വരവിന് ഇത് പരിഹാരമാകുന്നില്ല. രാപകൽ കാവൽ നിന്നാണ് കർഷകർ വിളകൾ സംരക്ഷിക്കുന്നത്. മൃഗശല്യം കാരണം പ്രദേശത്തെ നിരവധി കർഷകർ ഇതിനകം കൃഷി ഉപേക്ഷിച്ചു.
ഫോട്ടോ--കല്ല്
കൽമതിൽ നിർമ്മാണത്തിനായി കൊണ്ടുവന്നിട്ട കല്ല്